
റിയാദ്: കൊവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളെ മുസ്ലീം വേള്‍ഡ് ലീഗ് സ്വാഗതം ചെയ്തു. ഉംറ തീര്‍ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മുസ്ലിം വേള്‍ഡ് ലീഗിന്റെ പിന്തുണ. അതേസമയം, ജി സി സി രാജ്യങ്ങളിലെ പൗരന്മാര്ക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വൈറസ് പടരാതിരിക്കാനാണ് മുന്‍കരുതല്‍ നടപടികളെടുത്തത്. ഉംറ തീര്‍ഥാടകര്‍ക്കും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശകര്‍ക്കും പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ശരിയായ തീരുമാനമാണെന്ന് മുസ്ലീം വേള്‍ഡ് ലീഗ്
സെക്രട്ടറി ജനറല്‍ ഷെയ്ഖ് ഡോ. മുഹമ്മദ് അല്‍ ഇസ്സ വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സുരക്ഷ സുപ്രധാനമാണെന്നും മുസ്ലിം വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.
ആഗോള ഭീഷണിയായി വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഭരണാധികാരി സല്മാന് രാജാവ് ആണ് ഉംറ തീര്‍ഥാടകര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതില്‍ സൗദി ഭരണകൂടത്തിനോട് നന്ദിയുണ്ടെന്നും ഡോ. അല്‍ഇസ്സ പറഞ്ഞു.
ജി സി സി രാജ്യങ്ങളിലെ പൗരന്മാര്ക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 14 ദിവസമായി സൗദിയിലുളള ജി സി സി പൗരന്മാര്ക്ക് ഹജ് മന്ത്രാലയത്തിന്റെ അനുമതിയോടെ ഉംറ തീര്‍ഥാടനത്തിന് അവസരം ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






