Sauditimesonline

AIR-INDIA-EXPRESS-1
വിമാന നിരക്ക് കൊള്ളയ്ക്ക് മൂക്കുകയര്‍; പുതിയ ചട്ടങ്ങള്‍ രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

വിമാന നിരക്ക് കൊള്ളയ്ക്ക് മൂക്കുകയര്‍; പുതിയ ചട്ടങ്ങള്‍ രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

ഡല്‍ഹി: ഉത്സവ അവധിക്കാല സീസണുകളില്‍ വിമാനക്കമ്പനികള്‍ നടത്തുന്ന അമിത നിരക്ക് കൊള്ളയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ രൂപീകരിക്കുന്നു. വിമാന നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള കരട് ചട്ടങ്ങള്‍ തയ്യാറായതായി കേന്ദ്ര വ്യോമയാന മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. പുതിയ വ്യവസ്ഥകള്‍ അടങ്ങിയ പുതിയ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കി.

കേരള പ്രവാസി അസോസിയേഷനും സാമൂഹിക പ്രവര്‍ത്തകനായ എസ്. ലക്ഷ്മിനാരായണനും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. പ്രവാസികളെയും സാധാരണക്കാരായ യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്ന വിമാനക്കമ്പനികളുടെ ‘ഡൈനാമിക് പ്രൈസിങ്’ രീതിക്ക് ഇതോടെ മൂക്കുകയര്‍ വീഴുമെന്നാണ് പ്രതീക്ഷ.

വിമാന നിരക്ക് കൊള്ള തടയാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന ‘ഭാരതീയ വായുയാന്‍ അധിനിയമം-2024’ എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടങ്ങള്‍. ചട്ടങ്ങളുടെ കരട് രൂപം നിലവില്‍ തര്‍ജ്ജമ ചെയ്യുന്ന ഘട്ടത്തിലാണെന്നും ഉടന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ പാര്‍ലമെന്റില്‍ വെക്കുന്നതിന് മുന്‍പ്, പുതിയ ചട്ടങ്ങളില്‍ വിമാന നിരക്ക് നിയന്ത്രണത്തിനായി എന്തൊക്കെ വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് രണ്ടാഴ്ചയ്ക്കകം കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. ഹര്‍ജി വീണ്ടും ഓഗസ്റ്റില്‍ പരിഗണിക്കും.
ഗള്‍ഫ് മേഖല ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ ചൂഷണമാണ് സീസണ്‍ സമയങ്ങളിലെ അമിത വിമാന നിരക്ക്. ഇതിനെതിരെ കൃത്യമായ റഗുലേറ്ററി അതോറിറ്റി വേണമെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം.
ഒരേ ദിവസം ഒരേ റൂട്ടിലെ യാത്രയ്ക്ക് യാത്രക്കാരില്‍ നിന്ന് വ്യത്യസ്തവും അമിതവുമായ തുക ഈടാക്കുന്നത് തടയുക. ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ‘സെബി’ പോലെ വ്യോമയാന മേഖലയിലെ നിരക്കുകളും സേവനങ്ങളും നിരീക്ഷിക്കാന്‍ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള സ്വതന്ത്ര നിയന്ത്രണ സമിതി രൂപീകരിക്കുക. സാധാരണക്കാരായ പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള സാഹചര്യം വിമാനക്കമ്പനികള്‍ ഇല്ലാതാക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണ് എന്നീ ആവശ്യങ്ങളാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.
കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന ജൂണ്‍ സെപ്റ്റംബര്‍ മാസങ്ങളിലെ അവധിക്കാലത്തും ഓണം, ക്രിസ്മസ് തുടങ്ങിയ ഉത്സവ സീസണുകളിലും ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നത് വിമാനക്കമ്പനികളുടെ പതിവ് രീതിയാണ്. വിമാന നിരക്കിന് കൃത്യമായ പരിധി നിശ്ചയിക്കാന്‍ പുതിയ ചട്ടങ്ങളിലൂടെ കേന്ദ്രത്തിന് സാധിക്കും. ഇത് ഗള്‍ഫ് മലയാളി അടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top