മുഹമ്മദ് കല്ലിങ്ങല്‍

റിയാദ്: അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം സൗദി എയര്‍ലൈന്‍സ് കോഴിക്കോട് സെക്ടറില്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ഫെബ്രുവരി ഒന്നു മുതല്‍ റിയാദ്-കോഴിക്കോട് സര്‍വീസ് ആരംഭിക്കും. ഇതോടെ മലബാര്‍ പ്രവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമാകും. നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്, ഫ്ളൈ നാസ് എന്നിവ ഇതേ സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്. സൗദി എയര്‍ലൈന്‍സിന്റെ വരവോടെ കിടമത്സരം വര്‍ധിക്കും. ഇത് ടിക്കറ്റ് നിരക്ക് കുറയാന്‍ ഇടയാക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

2020ല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന അപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളം ഏര്‍പ്പടുത്തിയ നിരോധനം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ചെറിയ വിമാനം ഉപയോഗിച്ചാണ് സര്‍വീസ് തുടങ്ങുന്നത്. ന്യൂ ജെന്‍ ഇനത്തിലുളള വിമാനത്തില്‍ 168 ഇക്കോണമി സീറ്റുകളും 20 ബിസിനസ് സീറ്റുകളും ഉണ്ടാകും. പുലര്‍ച്ചെ 1.20 ന് റിയാദില്‍ നിന്നു പുറപ്പെടുന്ന വിമാനം രാവിലെ 8.30 ന് കോഴിക്കോട് ഇറങ്ങും. മടക്കയാത്ര 9.45നാണ്. മാര്‍ച്ച് 14 വരെ ആഴ്ചയില്‍ നാല് സര്‍വീസും പിന്നീട് ആറ് സര്‍വീസും ഉണ്ടാകും. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ജിദ്ദ കോഴിക്കോട് സര്‍വീസ് അധികം വൈകാതെ ആരംഭിക്കുമെ ന്നാണ് വിവരം.

മലബാറില്‍ നിന്ന് ഉംറ തീര്‍ത്ഥാടകര്‍ ധാരാളമുളള ജിദ്ദ-കോഴിക്കോട് സെക്ടറിലും സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. റണ്‍വേ വികസനം പൂര്‍ത്തിയാല്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കുമന്ന് കോഴിക്കോട് വിമാനത്താവളം ഉപദേശക സമിതി ചെയര്മാന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രസ്താവനയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് പ്രവാസികള്‍.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






