Sauditimesonline

1 AL WAFA
ദമ്മാം ഹൈപ്പര്‍ അല്‍ വഫയില്‍ 'അഞ്ഞൂറി'ന്റെ ആഘോഷം

സൗദി മലയാളി ലിറ്റററി ഫെസ്റ്റിന് സെപ്റ്റംബര്‍ 23ന് തുടക്കം; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്യും

ദമ്മാം: പ്രവാസലോകത്തെ ശ്രദ്ധേയമായ സാഹിത്യോത്സവങ്ങളിലൊന്നായ സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ (എസ്എംഎല്‍എഫ്) രണ്ടാം പതിപ്പ് സെപ്റ്റംബര്‍ 23ന് തുടക്കമാകും. സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ഇത്തവണ ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കും. ഒക്ടോബര്‍ 31നാണ് സമാപന സമ്മേളനം. സെപ്റ്റംബര്‍ 23നു നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരനും പ്രഭാഷകനുമായ എം. എന്‍. കാരശ്ശേരി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി റോസ്‌മേരി, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് വി.സി. അഭിലാഷ്, ഡോക്യുമെന്ററി സംവിധായിക ഷൈനി ബെഞ്ചമിന്‍, എഴുത്തുകാരി ഷൈല രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടു ദിവസം നീളുന്ന ചലച്ചിത്ര ശില്‍പശാല, സാംസ്‌കാരിക പ്രഭാഷണം, പുസ്തക പ്രകാശനം, ഡോക്യുമെന്ററി പ്രദര്‍ശനം, ഗസല്‍ സന്ധ്യ എന്നിവ അരങ്ങേറും. ഒക്ടോബര്‍ 29 മുതല്‍ 31 വരെ നടക്കുന്ന സമാപന സമ്മേളനത്തില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ടി.ഡി. രാമകൃഷ്ണന്‍, പ്രൊഫ. വീരാന്‍കുട്ടി, ഇന്ദു മേനോന്‍ തുടങ്ങിയ സാംസ്‌കാരിക പ്രമുഖരും പങ്കാളികളാകും.

ദേശീയ തലത്തില്‍ ശ്രദ്ധേയരായ അതിഥികളെയും പരിപാടിയില്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, ദമ്മാം റീജണല്‍ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ജനറല്‍ സെക്രട്ടറി ഡോ. സിന്ധു ബിനു, ട്രഷറര്‍ ഫബിന നജ്മുസമാന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കര്‍ ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരന്‍, മുഷാല്‍ തഞ്ചേരി, ഹുസൈന്‍ ചമ്പോളില്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top