Sauditimesonline

1 AL WAFA
ദമ്മാം ഹൈപ്പര്‍ അല്‍ വഫയില്‍ 'അഞ്ഞൂറി'ന്റെ ആഘോഷം

ബുര്‍ജ് ഖലീഫയെ മറികടക്കും; അദ്ഭുത ഗോപുരമാകാന്‍ ജിദ്ദ ടവര്‍ ഒരുങ്ങുന്നു

ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിട സമുച്ചയമെന്ന അപൂര്‍വ നേട്ടത്തിലേക്ക് അതിവേഗം കുതിച്ചുയരുകയാണ് സൗദി അറേബ്യയിലെ വിസ്മയ നിര്‍മിതിയായ ജിദ്ദ ടവര്‍. നിര്‍മാണം 107-ാം നില പൂര്‍ത്തിയാക്കിയതോടെ ടവറിന്റെ ഉയരം 430 മീറ്റര്‍ പിന്നിട്ടു. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ നിലവില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയേക്കാള്‍ (828 മീറ്റര്‍) 180 മീറ്ററിലധികം അധികം ഉയരത്തിലായിരിക്കും ജിദ്ദ ടവറിന്റെ സ്ഥാനം.

ഒരു കിലോമീറ്ററിലധികം ഉയരത്തിലാണ് ‘അദ്ഭുത ഗോപുരം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജിദ്ദ ടവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 200ലധികം നിലകളുള്ള ടവറിന്റെ നിര്‍മാണ ജോലികള്‍ ഇപ്പോള്‍ 24 മണിക്കൂറും സജീവമായി പുരോഗമിക്കുകയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന മാനുഷിക നിര്‍മിതി എന്ന ചരിത്ര നേട്ടമായിരിക്കും ജിദ്ദ ടവര്‍ സ്വന്തമാക്കുക.
സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയെയും വിനോദസഞ്ചാര മേഖലയെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന ‘ജിദ്ദ ഇക്കണോമിക് സിറ്റി’ പദ്ധതിയുടെ പ്രധാന ആകര്‍ഷണമായി ജിദ്ദ ടവര്‍ മാറും. ഏകദേശം 2,000 കോടി യു.എസ് ഡോളര്‍ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2028ല്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

വിവിധ സാങ്കേതിക, സാമ്പത്തിക തടസ്സങ്ങളെ തുടര്‍ന്ന് 2018ല്‍ താത്കാലികമായി നിര്‍ത്തിവെച്ച നിര്‍മാണ ജോലികള്‍, അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2023ലാണ് പുനരാരംഭിച്ചത്. നിര്‍മാണം പുനരാരംഭിക്കുമ്പോള്‍ 63 നിലകള്‍ മാത്രമുണ്ടായിരുന്ന ടവറില്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ദ്രുതഗതിയിലുള്ള ജോലികളിലൂടെ 44 നിലകള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് 107 നിലകളിലേക്ക് എത്തിച്ചത്.
പദ്ധതിയുടെ പ്രധാന നിക്ഷേപകനും ഭൂരിപക്ഷ ഓഹരി ഉടമയുമായ കിങ്ഡം ഹോള്‍ഡിങ് കമ്പനി ചെയര്‍മാന്‍ പ്രിന്‍സ് അല്‍വലീദ് ബിന്‍ ത്വലാല്‍ കഴിഞ്ഞ ദിവസം നിര്‍മാണ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. അതിസങ്കീര്‍ണവും ദുര്‍ഘടവുമായ നിര്‍മാണ ഘട്ടങ്ങള്‍ തരണം ചെയ്തുകൊണ്ട് ടവര്‍ 400 മീറ്ററിലധികം ഉയരത്തിലേക്ക് എത്തിയതില്‍ അദ്ദേഹം തൃപ്തി രേഖപ്പെടുത്തി.

സൗദി അറേബ്യയുടെ ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പ്രമുഖ ടൂറിസം ബിസിനസ് കേന്ദ്രമാക്കി ജിദ്ദയെ മാറ്റുന്നതില്‍ നിര്‍ണായക പങ്കാണ് ജിദ്ദ ടവര്‍ വഹിക്കുക. ആഡംബര ഹോട്ടലുകള്‍, സര്‍വീസ് അപാര്‍ട്‌മെന്റുകള്‍, അത്യാധുനിക ഓഫീസ് സമുച്ചയങ്ങള്‍, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഒബ്‌സര്‍വേഷന്‍ ഡെക്ക് എന്നിവ ജിദ്ദ ടവറിന്റെ പ്രധാന പ്രത്യേകതകളായിരിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top