Sauditimesonline

pravasi legal cell passport
നാടിന്റെ നട്ടെല്ലിനെ പിഴിഞ്ഞെടുക്കരുത്; പാസ്‌പോര്‍ട്ട് ഫീസ് വര്‍ധനയില്‍ പ്രവാസികള്‍ക്ക് നീതിയുടെ വെളിച്ചം

നാടിന്റെ നട്ടെല്ലിനെ പിഴിഞ്ഞെടുക്കരുത്; പാസ്‌പോര്‍ട്ട് ഫീസ് വര്‍ധനയില്‍ പ്രവാസികള്‍ക്ക് നീതിയുടെ വെളിച്ചം

ഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് ഫീസ് കുത്തനെ കൂട്ടിയ നടപടിയില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. പ്രവാസി ലീഗല്‍ സെല്‍ കേരള ഘടകം സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ണായക നടപടി. പ്രവാസികളുടെ ഫീസ് വര്‍ധന പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു. ഇത് നിവേദനമായി പരിഗണിച്ച് നിയമാനുസൃതമായ ഉചിതമായ തീരുമാനം കൈക്കൊള്ളാനും വിവരങ്ങള്‍ ഹരജിക്കാരെ അറിയിക്കാനും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ഇന്ത്യയില്‍ അപേക്ഷിക്കുന്നവരേക്കാള്‍ 330 മുതല്‍ 359 ശതമാനം വരെ ഉയര്‍ന്ന ഫീസാണ് നിലവില്‍ പ്രവാസികളില്‍ നിന്ന് ഈടാക്കുന്നത്. ഇതിനു പുറമെ വി.എഫ്.എസ്/ബി.എല്‍.എസ് സര്‍വീസ് ചാര്‍ജ്, കൊറിയര്‍ നിരക്കുകള്‍, രേഖകള്‍ തയ്യാറാക്കാനുള്ള ചെലവ്, കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് തുടങ്ങി വലിയ സാമ്പത്തിക ബാധ്യതയാണ് പ്രവാസികള്‍ നേരിടുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലടക്കം കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഫീസ് യുക്തിസഹമായി കുറയ്ക്കുക, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്കും തൊഴില്‍ വിസയിലുള്ളവര്‍ക്കും പ്രത്യേക ഇളവ് അനുവദിക്കുക, നിര്‍ബന്ധിത ഔട്ട്‌സോഴ്‌സിങ് ചാര്‍ജുകള്‍ പുനഃപരിശോധിക്കുക, ഫീസ് വര്‍ധനയുടെ ചെലവ് കണക്കുകള്‍ പരസ്യപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രവാസി ലീഗല്‍ സെല്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.

പ്രവാസികളെ സംബന്ധിച്ച് പാസ്‌പോര്‍ട്ട് എന്നത് യാത്രാരേഖ മാത്രമല്ലെന്നും, വിദേശത്ത് നിയമാനുസൃതമായി താമസിക്കാനും ജോലി ചെയ്യാനും അനിവാര്യമായ അടിസ്ഥാനരേഖയാണെന്നും പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ വ്യക്തമാക്കി. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലവും പ്രവാസി സൗഹൃദപരവുമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top