Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

കേരളത്തില്‍ നിന്ന് മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് വേണം

മുഹമ്മദ് കല്ലിങ്ങല്‍

റിയാദ്: കേരളത്തില്‍ നിന്ന് പുണ്യ നഗരിയായ മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് മലയാളി തീര്‍ത്ഥാടകര്‍ മദീന സന്ദര്‍ശനം നടത്തുന്നുണ്ട്. ഹജ്ജ് സീസണില്‍ ഒഴികെ കേരളത്തില്‍ നിന്നു മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല. അതുകൊണ്ടുതന്നെ മറ്റു സമയങ്ങളില്‍ മദീന സന്ദര്‍ശനം നടത്തുന്ന മലയാളി തീര്‍ത്ഥാടകരുടെ യാത്രാ ക്ലേശം ഏറുകയാണ്.

നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ മദീനയിലെത്താന്‍ റിയാദ്-കോഴിക്കോട് സെക്ടറില്‍ സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സ്, ഫ്‌ളൈ നാസ് എന്നിവയില്‍ റിയാദില്‍ എത്തി അവിടെ നിന്ന് മദീനയിലേക്ക് യാത്ര ചെയ്യണം. അല്ലെങ്കില്‍ ജിദ്ദ-കൊച്ചി സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സില്‍ ജിദ്ദയില്‍ പോയി അവിടെ നിന്നു മദീനയിലേക്ക് വിമാനത്തിലോ ബസ്സിലോ യാത്ര തിരിക്കണം. ഇത് പ്രായമായവര്‍ക്കും കുടുബ സമേതം പോകുന്ന തീര്‍ത്ഥാടകര്‍ക്കും പ്രയാസം ഹൃസ്ടാക്കുന്നുണ്ട്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ആഴ്ചയില്‍ ഒന്നോ രണ്ടോ മദീന സര്‍വീസ് വേണമെന്നാണ് തീര്‍ത്ഥാടകരുടെ ആവശ്യം.

കേരളത്തില്‍ നിന്നുളള ഉംറ തീര്‍ത്ഥാടകരില്‍ അധികവും ജിദ്ദ വഴിയാണ് മക്കയിലേക്കും പിന്നീട് മദീനയിലേക്കും പോകുന്നത്. കേരളത്തില്‍ നിന്നു ജിദ്ദയിലേക്ക് ടിക്കറ്റ് നിരക്ക് കൂടുതലുമാണ്. ഇത് ജിദ്ദയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും തിരിച്ചടിയാണ്. കേരളത്തില്‍ നിന്ന് മദീനയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിച്ചാല്‍ ജിദ്ദയിലേക്കുള്ള തിരക്ക് കുറയാനും അതുവഴി ടിക്കറ്റ് നിരക്ക് കുറയാനും ഇടയാകും.

പുണ്യ മാസമായ റമദാനും സ്‌കൂള്‍ അവധിക്കാലവും ആയതിനാല്‍ മദീനയിലേക്ക് മലയാളി സന്ദര്‍ശകരുടെ പ്രവാഹം തുടരുകയാണ്. കേരളത്തില്‍ നിന്നു പ്രവാചക നഗരിയായ മദീനയില്‍ നേരിട്ട് എത്തുക എന്നത് മലയാളി തീര്‍ത്ഥാടകരുടെ വലിയ ആഗ്രഹം ആണ്. അതുകൊണ്ടുതന്നെ കോഴിക്കോട്, കൊച്ചി എന്നീ ഏതെങ്കിലും ഒരു എയര്‍പോര്‍ട്ടില്‍ നിന്ന് മദീനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണമെന്നു സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ആവശ്യപ്പെട്ടു. മലയാളി തീര്‍ത്ഥാടകരുടെ സൗകര്യം പരിഗണിച്ച് കേരളത്തില്‍ നിന്നും മദീനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്ന് സൗദി കെഎംസിസി ഹജ്ജ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ശിഹാബ് താമരക്കുളം ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top