
റിയാദ്: ലോക സമ്പദ്‌വ്യവസ്ഥയില്‍ ‘കറുത്ത പൊന്ന്’ (പെട്രോളിയം) വരുത്തിയ സ്വാധീനം പ്രമേയമാക്കി സഊദി അറേബ്യയില്‍ പുതിയ മ്യൂസിയം. റിയാദിലെ കിംഗ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്ററിലാണ് ‘ബ്ലാക്ക് ഗോള്‍ഡ് മ്യൂസിയം’ തുറന്നത്. പെട്രോളിയത്തിന്റെ ചരിത്രവും അത് മനുഷ്യജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും മ്യൂസിയത്തില്‍ സമഗ്രമായി വിശകലനം ചെയ്യുന്നു.

30 രാജ്യങ്ങളിലെ 170 കലാകാരന്മാര്‍ ഒരുക്കിയ 350 കലാസൃഷ്ടികള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫോട്ടോഗ്രഫി, പുരാതന രേഖകള്‍, ത്രിമാന കലാരൂപം എന്നിവ ഇതില്‍ ഉള്‍പ്പെടും. എണ്ണയുടെ കഥ നാല് വിഭാഗങ്ങളിലായാണ് വിവരിക്കുന്നത്. എണ്ണയുടെ കണ്ടെത്തല്‍, പത്തൊന്‍പതാം നൂറ്റാണ്ടിലെ ആദ്യകാല ഉപയോഗങ്ങള്‍ എന്നിവയാണ് ഒന്നാം വിഭാഗത്തില്‍.

ഊര്‍ജ്ജം എങ്ങനെ സമൂഹങ്ങളെ മാറ്റിമറിച്ചു എന്നതിനുള്ള വിവരണമാണ് മറ്റൊരു ഭാഗം. ഊര്‍ജ്ജ ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളും ഊര്‍ജ്ജ മേഖലയുടെ ഭാവി കാഴ്ചപ്പാടുകളുമാണ് മൂന്നും നാലും വിഭാഗങ്ങളില്‍ വിവരിക്കുന്നത്.

ശാസ്ത്ര മ്യൂസിയം എന്നതിലുപരി, കലയിലൂടെയും മാനുഷിക കാഴ്ചപ്പാടിലൂടെയും എണ്ണയെ സമീപിക്കുന്നു എന്നതാണ് മ്യൂസിയത്തിന്റെ പ്രത്യേകത. സാംസ്‌കാരിക-ഊര്‍ജ്ജ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റ് സാഹ ഹാദിദ് രൂപകല്‍പ്പന ചെയ്ത മനോഹരമായ കെട്ടിടത്തിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.

മനാല്‍ അല്‍ദോയന്‍, അഹമ്മദ് മാതര്‍ തുടങ്ങിയ സഊദിയിലെ കലാകാരന്മാര്‍ക്കൊപ്പം നിരവധി അന്താരാഷ്ട്ര കലാകാരന്മാരുടെ സൃഷ്ടികളും മ്യൂസിയത്തില്‍ ഇടം നേടിയിട്ടുണ്ട്. എണ്ണയുടെ ചരിത്രത്തെ ആഗോള സാംസ്‌കാരിക സംവാദങ്ങളുമായി ബന്ധിപ്പിക്കുന്ന ലോകത്തിലെ പ്രഥമ മ്യൂസിയമാണിത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






