Sauditimesonline

7 prediction gift
ഒഐസിസി പ്രവചന മത്സരം: സാം കോട്ടയത്തിന് പുരസ്‌കാരം

നാവിന്‍തുമ്പില്‍ തേന്‍മഴയായി ചക്കപ്പെരുമ; സൗദിയിലെ ലുലുവില്‍ ‘ചക്കവിരുന്ന്’

റിയാദ്: പഴുത്ത ചക്കയുടെ മധുരവും പച്ചച്ചക്ക വിഭവങ്ങളുടെ തനിമയും ഒരുക്കി സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ചക്കവിരുന്ന്. കേരളത്തിന്റെ നാട്ടുരുചികള്‍ മുതല്‍ വിദേശത്തെ ചക്ക വൈവിധ്യങ്ങള്‍ വരെ അണിനിരക്കുന്ന മേളയില്‍ 21 ഇനങ്ങളാണ് പ്രദര്‍ശനത്തിനും വില്പനയ്ക്കുമുള്ളത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചക്കയുടെ ഉത്സവപ്പൂരത്തിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

നാട്ടില്‍ നിന്നെത്തിയ ചക്കക്കൂട്ടത്തിനൊപ്പം വിദേശരാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ഇനങ്ങളും മേളയിലെ താരങ്ങളാണ്. കേരളത്തില്‍ നിന്ന് സിന്ദൂര വരിക്ക, തേന്‍ വരിക്ക, മുട്ടം വരിക്ക, ആഞ്ഞിലി ചക്ക, മുള്ളന്‍ ചക്ക, താമര ചക്ക എന്നിവയാണ് താരം. വിദേശയിനങ്ങളില്‍ കംബോഡിയ റെഡ്, മലേഷ്യന്‍ യെല്ലോ, ജെയ്പാല്‍ യെല്ലോ, മഹാബ്രി തുടങ്ങിയവയും ഉണ്ട്. ലോകത്തിലെ ഏറ്റവും സുഗന്ധമുള്ള പഴമെന്നറിയപ്പെടുന്ന ദുരിയാന്‍, ശ്രീലങ്കന്‍ ചക്കകള്‍, ശ്രീലങ്കന്‍ ബ്രഡ് ഫ്രൂട്ട് (കടച്ചക്ക) എന്നിവയും ചക്കവിരുന്നിന് മാറ്റ് കൂട്ടുന്നു.

ചക്ക വെറുതെ കഴിക്കാന്‍ മാത്രമല്ല, വൈവിധ്യമാര്‍ന്ന വിഭവങ്ങളായും ലുലുവില്‍ ഒരുക്കിയിട്ടുണ്ട്. ചക്ക ഉണ്ണിയപ്പം, ചക്ക പായസം, ചക്ക പുഴുക്ക് തുടങ്ങി നാടന്‍ രുചികളുടെ വലിയൊരു നിര തന്നെ ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്.
‘ആരോഗ്യദായകവും പോഷകസമ്പന്നവുമായ ചക്കയെ പ്രവാസികള്‍ക്കിടയില്‍ കൂടുതല്‍ ജനകീയമാക്കുകയാണ് മേളയുടെ ലക്ഷ്യം. നാരുകളും വിറ്റാമിനുകളും ധാരാളമുള്ള ചക്ക ഇന്നത്തെ ജീവിതശൈലിയില്‍ ഏറെ ഗുണകരമാണെന്ന് ലുലു മാനേജ്‌മെന്റ് പറഞ്ഞു.
പഴങ്ങളില്‍ രാജാവായ ചക്കയുടെ വൈവിധ്യങ്ങള്‍ അടുത്തറിയാന്‍ മെയ് 12 വരെ സൗദിയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൗകര്യമുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ പഴമായ ചക്കയുടെ എല്ലാ ഭാഗങ്ങളും എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നറിയാനും ചക്കവിരുന്ന് പ്രവാസികള്‍ക്ക് അവസരമൊരുക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top