
റിയാദ്: സ്പോണ്‍സറുടെ മകന് മരിച്ച സംഭവത്തില്‍ 20 വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുറഹീമിന് ഫൈനല്‍ എക്സിറ്റ് വീസ നേടാനായില്ല. മെയ് 20ന് ഫൈനല്‍ എക്സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും.
അബ്ദുല്‍ റഹീമിന്റെ 20 വര്‍ഷത്തെ തടവ് കാലയളവ് പൂര്‍ത്തിയായെന്ന് രേഖാമൂലം സ്ഥിരീകരിക്കുന്നതിന് ‘എന്‍ഡ് ഓഫ് സെന്റന്‍സ് വെരിഫിക്കേഷന്’ ജയില്‍ അധികൃതര്‍ തയ്യാറാക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയായി എന്ന സര്‍ട്ടിഫിക്കറ്റ് പ്രിസണ്‍ ഡയറക്ടറേറ്റ് തയാറാക്കുക എന്നതാണ് ആദ്യ നടപടി.

കൊല്ലപ്പെട്ട ബാലന്റെ കുടുംബം മാപ്പ് നല്കിയ രേഖ കോടതി പരിശോധിച്ചതിന് ശേഷം മോചന ഉത്തരവ് റിയാദ് ഗവര്‍ണറേറ്റിന് കൈമാറും. സിവില്‍ കേസുകള്‍, സാമ്പത്തിക ബാധ്യതകള്‍, മറ്റ് പരാതികള്‍ എന്നിവ ഇല്ലെന്ന് ഗവര്‍ണറേറ്റ് ഉറപ്പുവരുത്തും. തുടര്‍ന്ന് ജയിലില്‍ നിന്ന് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് എമിഗ്രേഷന്‍ നടപടികളുടെ ഭാഗമായി വിരലടയാളം ശേഖരിക്കുകയും ആജീവനാന്ത വിലക്ക് രേഖപ്പെടുത്തി ഫൈനല്‍ എക്സിറ്റ് അനുവദിക്കുകയും ചെയ്യും. ഇന്ത്യന്‍ എംബസി ഔട്ട് പാസ് തയ്യാറാക്കിയ സാഹചര്യത്തില്‍ ഫൈനല്‍ എക്സിറ്റ് നേടിയാല്‍ രാജ്യം വിടാന്‍ കാലതാമസം ഉണ്ടാവില്ല. യാത്രാ ടിക്കറ്റും എംബസി അനുവദിക്കാനാണ് സാധ്യത.

അബ്ദുല്‍ റഹീമിന്റെ ശിക്ഷാ കാലാവധി മെയ് 19 രാത്രി 12ന് ആണ് അവസാനിച്ചത്. സൗദിയില്‍ ബലിപ്പെരുന്നാള്‍ അവധി മെയ് 21ന് ആരംഭിക്കും. അതുകൊണ്ടുതന്നെ മോചനത്തിനുളള നടപടിക്രമങ്ങള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും എന്നാണ് നിയമ വൃത്തങ്ങള്‍ പറയുന്നത്. സാധാരണ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ മോചന ഉത്തരവും ഫൈനല്‍ എക്സിറ്റും നേടുന്നതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച മുതല്‍ ഒരു മാസം വരെ സമയം എടുക്കാറുണ്ട്. റിയാദിലെ റഹിം നിയമ സഹായ സമിതിയും ഇന്ത്യന്‍ എംബസിയും മോചനം വേഗത്തിലാക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും സ്വാഭാവിക കാലതാമസം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





