
മലപ്പുറം: റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയിലെ ധനസഹായ വിതരണവും സിഎച്ച് സെന്റര്‍ ഫണ്ട് കൈമാറ്റവും ജൂലൈ 25 ശനി രാവിലെ 9ന് മലപ്പുറം വുഡ്ബിന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായവും രോഗികള്‍ക്കുള്ള ചികിത്സാ സഹായവും ഉള്‍പ്പെടെ 80 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. ദേശീയ ജനറല്‍ സെക്രട്ടറിയും വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കെഎംസിസി നേതാക്കള്‍, എന്നിവര്‍ പങ്കെടുക്കും.

സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഘടകങ്ങളുടെ സഹകരണത്തോടെ ശേഖരിച്ച ഒരു കോടി രൂപ കേരളത്തിലെ വിവിധ സിഎച്ച് സെന്ററുകള്‍ക്ക് നേരത്തെ കൈമാറിയിരുന്നു. തിരുവനന്തപുരം സിഎച്ച് സെന്ററിനായി ശേഖരിച്ച തുക ചടങ്ങില്‍ സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറും. നാട്ടിലുള്ള മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കണമെന്ന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






