Sauditimesonline

1 AL WAFA
ദമ്മാം ഹൈപ്പര്‍ അല്‍ വഫയില്‍ 'അഞ്ഞൂറി'ന്റെ ആഘോഷം

പ്രവാസി പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാന്‍ അടിയന്തര നടപടിയെന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന പ്രവാസി പെന്‍ഷനുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങളും ആവശ്യങ്ങളും അടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി.

പ്രവാസികളുടെ ജീവിതം കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കാന്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള വിവിധ പദ്ധതികളാണ് ഐസിഎഫ് മുന്നോട്ടുവെച്ചത്. നാട്ടില്‍ നേരിട്ടെത്താതെ പ്രവാസികള്‍ക്ക് ഭൂനികുതി, മ്യൂട്ടേഷന്‍, പോസഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ റവന്യൂ സേവനങ്ങള്‍ ഡിജിറ്റലായി ലഭ്യമാക്കുന്നതിന് നോര്‍ക്കയുമായി സംയോജിപ്പിച്ച് ‘വെര്‍ച്വല്‍ റവന്യൂ ഓഫീസ്’ ആരംഭിക്കുക. സര്‍ക്കാറിന്റെയും നോര്‍ക്കയുടെയും മുഴുവന്‍ സേവനങ്ങളും അടിയന്തര സഹായങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന ഏകീകൃത എന്‍ആര്‍ഐ സ്മാര്‍ട്ട് ഐഡി ലഭ്യമാക്കുക, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്കയുടെയും അക്ഷയ മിഷന്റെയും സഹകരണത്തോടെ അക്ഷയ കേന്ദ്രങ്ങളുടെ ശാഖകള്‍ തുറക്കുക. ഗള്‍ഫ് നാടുകളില്‍ താമസിക്കുന്ന മലയാളി കുട്ടികള്‍ക്കായി കരിക്കുലം അനുസരിച്ചുള്ള സ്‌റ്റേറ്റ് സിലബസ് സ്‌കൂളുകള്‍ ആരംഭിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുക എന്നീ നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്.

ഇതിനുപുറമെ ജില്ലാ കളക്ടറേറ്റുകളില്‍ ‘പ്രവാസി കുടുംബ സഹായ ഡെസ്‌കുകള്‍’, ഇപവര്‍ ഓഫ് അറ്റോര്‍ണി സംവിധാനം, ഓണ്‍ലൈന്‍ വഴി നിശ്ചിത ഇടവേളകളില്‍ ‘വെര്‍ച്വല്‍ പ്രവാസി സഭ’ എന്നിവയും സംഘം ആവശ്യപ്പെട്ടു. നിവേദനത്തിലെ നിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിച്ച് സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ഐസിഎഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, സെക്രട്ടറിമാരായ ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, അബ്ദുല്‍ കരീം ഹാജി മേമുണ്ട, വൈസ് പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top