Sauditimesonline

1 AL WAFA
ദമ്മാം ഹൈപ്പര്‍ അല്‍ വഫയില്‍ 'അഞ്ഞൂറി'ന്റെ ആഘോഷം

സ്‌പെയിന് വിജയാരവം, അര്‍ജന്റീനയ്ക്ക് കണ്ണീര്‍; ജിദ്ദയെ ഇളക്കിമറിച്ച് ‘ബിഗ് സ്‌ക്രീന്‍’ ഫുട്‌ബോള്‍ രാവ്

ബാദ്ഷാ ഇ കെ

ജിദ്ദ: ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഫിഫ ലോകകപ്പ് കലാശപ്പോരിന്റെ ആവേശം ജിദ്ദയിലും തിരമാലയായി. കെ.എം.സി.സി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി അബീര്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ ഷറഫിയ്യ റൂഫ്‌ടോപ്പ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ ഫുട്‌ബോള്‍ മഹോത്സവമായി മാറി. ജിദ്ദയിലെ പ്രദര്‍ശനങ്ങളില്‍ ഏറ്റവും വലിയ മലയാളി ജനപങ്കാളിത്തവും നേടിയാണ് ഫുട്‌ബോള്‍ ആരവത്തിന് സമാപ്തിയായത്.

നിശ്ചിത സമയവും അധികസമയവും നീണ്ട വടംവലിപ്പോരിന്റെ ഓരോ നിമിഷവും ശ്വാസമടക്കിപ്പിടിച്ചാണ് കാണികള്‍ കണ്ടിരുന്നത്. ഗോളുകള്‍ പിറന്ന നിമിഷങ്ങളില്‍ ഉയര്‍ന്ന ആര്‍പ്പുവിളികള്‍ റൂഫ്‌ടോപ്പ് ഓഡിറ്റോറിയത്തെ സ്‌റ്റേഡിയത്തിന്റെ അന്തരീക്ഷത്തിലേക്ക് മാറ്റി. വിജയത്തില്‍ സ്‌പെയിന്‍ ആരാധകര്‍ ആനന്ദനൃത്തം ചവിട്ടിയപ്പോള്‍, അര്‍ജന്റീനയുടെ വീഴ്ചയില്‍ നിരാശരായ ആരാധകരുടെ മുഖത്ത് സങ്കടത്തിന്റെ നിഴലും തെളിഞ്ഞു.

പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടം എത്തിച്ചേര്‍ന്നതോടെ തിരക്ക് നിയന്ത്രിക്കാന്‍ സുബൈര്‍ നിലമ്പൂര്‍, അബൂട്ടി എന്നിവരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ കഠിനപ്രയത്‌നം നടത്തി. കെ.എം.സി.സി നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഫസ്‌ലു മൂത്തേടം, സെക്രട്ടറി ജാബിര്‍ ചങ്കരത്ത്, ട്രഷറര്‍ സലീം മുണ്ടേരി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയത്. കെ.എം.സി.സി, ഒ.ഐ.സി.സി നേതാക്കളായ അരിമ്പ്ര അബൂബക്കര്‍, വി.പി. മുസ്തഫ, ഉബൈദ്, ബേബി ഷറഫിയ സ്‌റ്റോര്‍, സീതി കൊളക്കാടന്‍, നാണി ഇസ്ഹാഖ്, ഇസ്മായില്‍, വാസു ഹമദാന്‍ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു. ശിഹാബ് പുളിക്കല്‍, റാഹ സ്വീറ്റ്‌സ്, തീര്‍ സ്വീറ്റ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top