Sauditimesonline

air india express
വിമാനനിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ പ്രവാസികള്‍

വിമാനനിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ പ്രവാസികള്‍

റിയാദ്: പ്രവാസികളെ പിഴിഞ്ഞൂറ്റുന്ന അമിത വിമാനനിരക്ക് നിയന്ത്രിക്കാന്‍ കൃത്യമായ ചട്ടക്കൂട് വേണമെന്ന ആവശ്യവുമായി തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറം. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെ ഫോറം സ്വാഗതം ചെയ്തു. ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് കോടതി നിലപാടെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സീസണ്‍ സമയങ്ങളിലും സ്‌കൂള്‍ അവധിക്കാലങ്ങളിലും വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ളയടി ഗള്‍ഫ് പ്രവാസികളുടെ കുടുംബ ബജറ്റുകളെ പൂര്‍ണ്ണമായും തകര്‍ക്കുകയാണ്. അടിയന്തര സാഹചര്യങ്ങളില്‍ നാട്ടിലെത്തേണ്ടി വരുന്നവര്‍ക്ക് പോലും ടിക്കറ്റ് നിരക്ക് താങ്ങാനാവുന്നില്ല. കുറഞ്ഞ ശമ്പളക്കാരായ സാധാരണ തൊഴിലാളികളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകള്‍.
വിമാനനിരക്കുകള്‍ക്ക് യുക്തിസഹമായ പരിധി നിശ്ചയിക്കുകയും യാത്രക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്ന സുതാര്യമായ നയം നടപ്പാക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

പ്രവാസി യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്ന് ഡോ. അബ്ദുല്‍ അസീസ് സുബൈര്‍കുഞ്ഞ് (ചെയര്‍മാന്‍), അലക്‌സ് കൊട്ടാരക്കര (ജനറല്‍ സെക്രട്ടറി), ബഷീര്‍ കോട്ടയം (ട്രഷറര്‍), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top