Sauditimesonline

khaleefa
'ഖലീഫ'യെത്തുന്നു; മാമ്പറയ്ക്കല്‍ ആമിര്‍ അലിയെ വരവേല്‍ക്കാന്‍ റിയാദ്

‘ഖലീഫ’യെത്തുന്നു; മാമ്പറയ്ക്കല്‍ ആമിര്‍ അലിയെ വരവേല്‍ക്കാന്‍ റിയാദ്

റിയാദ്: മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ റിയാദിലെത്തുന്നു. താരത്തിന്റെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ഓണം റിലീസ് ചിത്രം ‘ഖലീഫ’യുടെ പ്രമോഷന്റെ ഭാഗമായാണ് പൃഥ്വിരാജും അണിയറ പ്രവര്‍ത്തകരും എത്തുന്നത്. മലാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ റൂഫ് ടോപ് അരീനയില്‍ ഓഗസ്റ്റ് 13ന് വൈകുന്നേരം 6.30ന് ആരാധകര്‍ക്കായി പ്രത്യേക സ്വീകരണ പരിപാടി അരങ്ങേറും. ലുലു സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇവന്റിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

വൈശാഖ് സംവിധാനം ചെയ്ത ‘ഖലീഫ’യില്‍ മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഓഗസ്റ്റ് 20ന് തീയറ്ററുകളില്‍ എത്തും. സൂപ്പര്‍ താരം മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന ചിത്രത്തില്‍ തെലുങ്ക് താരം മാളവിക ശര്‍മ്മയാണ് നായിക. മാളവികയുടെ കന്നിയങ്കം കൂടിയാണ് ചിത്രം. ‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

ആക്ഷനും ചെയ്‌സ് രംഗങ്ങളും നിറഞ്ഞുനില്‍ക്കുന്ന മാസ് കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം അണിയറയില്‍ ഒരുങ്ങിയിരിക്കുന്നത്. പ്രിയതാരത്തെയും ഖലീഫ ടീമിനെയും നേരിട്ടുകാണാനും വരവേല്‍ക്കാനുമുള്ള ആവേശത്തിലാണ് റിയാദിലെ മലയാളി പ്രവാസി സമൂഹം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top