Sauditimesonline

HOUSEDRIVER
പരീക്ഷ പാസ്സാകാതെ പറക്കാനാകില്ല; സൗദി ഹൗസ് ഡ്രൈവര്‍മാര്‍ക്ക് സ്‌കില്‍ ടെസ്റ്റ്

പുലര്‍കാല ബാങ്കിന്റെ പുണ്യശബ്ദം നിലച്ചു; ശൈഖ് ഇബ്രാഹിം അല്‍ മദനി അന്തരിച്ചു

മക്ക: മസ്ജിദുല്‍ ഹറമിലെ പ്രമുഖ മുഅദ്ദിന്‍ ശൈഖ് ഇബ്രാഹിം ബിന്‍ ആദില്‍ ഹംസ അല്‍ മദനി (52) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ (സെപ്റ്റംബര്‍ 21) ആയിരുന്നു അന്ത്യം. മയ്യത്ത് നമസ്‌കാരം ഇന്ന് മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം മസ്ജിദുല്‍ ഹറമില്‍ നടക്കും. മക്കയിലെ ജന്നത്തുല്‍ മുഅല്ല ഖബറിസ്ഥാനിലാണ് ഖബറടക്കം. ശൈഖ് ഇബ്രാഹിം അല്‍ മദനിയുടെ വേര്‍പാടില്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാരും ലോകമെമ്പാടുമുള്ള വിശ്വാസികളും അനുശോചനം അറിയിച്ചു

ഹിജ്‌റ 1397 ദുല്‍ഹിജ്ജ 8ന് മദീനയിലാണ് ശൈഖ് ഇബ്രാഹിം ജനിച്ചത്. ഖുര്‍ആന്‍ ഹൃദയസ്ഥമാക്കിയ പിതാമഹനായിരുന്നു ചെറുപ്പകാലത്ത് വഴികാട്ടി. മദീനയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഖുര്‍ആനിക് സ്റ്റഡീസില്‍ ഉന്നത ബിരുദം നേടി. 15-ാം വയസ്സില്‍ മദീനയിലെ പ്രാദേശിക മസ്ജിദിലാണ് ആദ്യമായി ബാങ്ക് വിളിച്ചു തുടങ്ങിയത്. പഠനകാലത്ത് മദീനയിലെ വിവിധ മസ്ജിദുകളില്‍ ബാങ്ക് വിളിച്ചിരുന്നു. പിന്നീട് അധ്യാപകനായി ജോലി നേടി.

പിതാവിനോടൊപ്പം മക്ക സന്ദര്‍ശിച്ചിരുന്ന സമയത്ത് മസ്ജിദുല്‍ ഹറമിലെ പ്രശസ്ത മുഅദ്ദിന്‍ ശൈഖ് അബ്ദുല്ലത്തീഫ് മുല്ലയില്‍ നിന്നാണ് മക്ക ശൈലിയിലുള്ള ബാങ്ക് വിളി പരിശീലിച്ചത്. 2007-2008 കാലഘട്ടത്തില്‍ മക്കയിലെ മസ്ജിദ് അല്‍ മദ്ദാഹില്‍ മുഅദ്ദിനായി. മക്കയിലെ അല്‍ ജസീറ ഒതൈബിയ്യ പ്രദേശത്ത് മസ്ജിദുല്‍ ഹറമിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രമുഖ ആരാധനാലയമാണ് മസ്ജിദ് അല്‍ മദ്ദാഹ്. പ്രദേശവാസികളും തീര്‍ത്ഥാടകരും ഒരുപോലെ ആശ്രയിക്കുന്ന മസ്ജിദില്‍ ബാങ്ക് വിളിക്കുകയും ഇമാമത്ത് വഹിക്കുകയും ചെയ്ത ശേഷമാണ് പ്രശസ്തരായ പലരും പിന്നീട് മസ്ജിദുല്‍ ഹറമിലെ ഔദ്യോഗിക മുഅദ്ദിന്‍മാരായി നിയമിതരായത്.

20217ല്‍ ആണ് മക്ക മസ്ജിദുല്‍ ഹറമിലെ ഔദ്യോഗിക മുഅദ്ദിനായി ശൈഖ് ഇബ്രാഹിം നിയമിതനായത്. മസ്ജിദുല്‍ ഹറമിലെ വേറിട്ട ശബ്ദസാന്നിധ്യമായിരുന്ന അദ്ദേഹം. പ്രധാനമായും ഫജ്ര്‍ നമസ്‌കാരത്തിന്റെ ബാങ്ക് വിളികളിലൂടെയാണ് ദശലക്ഷക്കണക്കിന് വിശ്വാസികളുടെ മനസ്സില്‍ അദ്ദേഹം ഇടംപിടിച്ചത്.
മദീന ശൈലിയുടെ ശാന്തതയും മക്കയിലെ പരമ്പരാഗത ഹിജാസി ശൈലിയുടെ ഗാംഭീര്യവും സമന്വയിപ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ബാങ്ക് വിളി. പുലര്‍കാലത്തെ നിശബ്ദതയില്‍ വിശ്വാസികളുടെ ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന ഭക്തിനിര്‍ഭരമായ ഈണവും അക്ഷരങ്ങളുടെ ഉച്ചാരണശുദ്ധിയും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ശൈഖ് ഇബ്രാഹിം അല്‍ മദനിയുടെ വിയോഗത്തിലൂടെ ആത്മീയ ലോകത്തിന് മികച്ചൊരു ശബ്ദവെളിച്ചമാണ് നഷ്ടമായത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top