Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

ഫെയ്‌സ്ബുക്കില്‍ മത നിന്ദ: ശ്രീലങ്കന്‍ പൗരന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി

റിയാദ്: ഇസ്ലാം മതത്തെയും പ്രവാചകനെയും അധിക്ഷേപിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കന്‍ പൗരന്റെ ശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി. അല്‍ അഹ്‌സയിലെ എണ്ണക്കമ്പനി ജീവനക്കാരനായ അനൊന്‍ ശിവരാസയുടെ (28) വധശിക്ഷയാണ് സൗദി അറേബ്യന്‍ സുപ്രീം കോടതി റദ്ദാക്കിയത്. ഇക്കാര്യം ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി അരുണ്‍ ഹേമചന്ദ്ര സ്ഥിരീകരിച്ചു.

ഫെയ്‌സ്ബുക്കില്‍ മതതര്‍ക്കങ്ങള്‍ക്കിടെ ശിവരാസ നടത്തിയ കമന്റാണ് കേസിന് ആധാരം. പ്രത്യാഘാതം തിരിച്ചറിഞ്ഞതോടെ, മതസ്പര്‍ദ്ധയുണ്ടാക്കുന്ന കമന്റ് ഉടന്‍ പിന്‍വലിക്കുകയും മാപ്പ് പറഞ്ഞ് വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സ്‌പോണ്‍സറുടെയും സൗദി അധികൃതരുടെയും ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസ് ആദ്യം പരിഗണിച്ച അല്‍അഹ്‌സ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവും 30 ലക്ഷം സൗദി റിയാല്‍ പിഴയുമാണ് വിധിച്ചിരുന്നത്. എന്നാല്‍ അപ്പീല്‍ ഹര്‍ജി പരിഗണിച്ച കോടതി വിധി വധശിക്ഷയായി ഉയര്‍ത്തുകയായിരുന്നു.

അപ്പീല്‍ കോടതി വിധി ശ്രീലങ്കയില്‍ വലിയ പ്രതിഷേധത്തിനും നയതന്ത്രതലത്തില്‍ കടുത്ത ആശങ്കയ്ക്കും വഴിവച്ചിരുന്നു. തുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാരും എംബസിയും നിയോഗിച്ച പ്രത്യേക അഭിഭാഷക സംഘത്തിന്റെ ശക്തമായ നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായത്.

നിയമ സഹായത്തിനായി ശ്രീലങ്കയില്‍ നിന്നെത്തിയ നയതന്ത്ര സംഘത്തില്‍ പ്രസിഡന്റിന്റെ ലീഗല്‍ അഡ്‌വൈസര്‍മാരായ ആസാദ് നവാവി, ഫൈസര്‍ മുസ്തഫ, ഉപ്പുല്‍ കുമാരപ്പെരുമ, അഭിഭാഷകന്‍ ഹഫീല്‍ ഫാരിസ് എന്നിവര്‍ സൗദി അഭിഭാഷകരുമായി ചേര്‍ന്നാണ് നിയമ പോരാട്ടം നടത്തിയത്. വധശിക്ഷറദ്ദാക്കിയതായി ഫൈസര്‍ മുസ്തഫയും സ്ഥിരീകരിച്ചു.

അതേസമയം, വധശിക്ഷ ഒഴിവാക്കിയെങ്കിലും ശിവരാസ പൂര്‍ണ്ണമായും കുറ്റവിമുക്തനായി ജയില്‍ മോചിതനായിട്ടില്ല. സൗദി സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നാല്‍ മാത്രമേ ഇയാളെ നാടുകടത്തുമോ അതോ തടവുശിക്ഷ നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top