
റിയാദ്: അവധി കഴിഞ്ഞ് നാട്ടില് നിന്നു സൗദി അറേബ്യയിലേക്ക് മടങ്ങിയ മലയാളി നഴ്സിനെ ജിദ്ദ എയര്പോര്ട്ടില് കസ്റ്റഡിയിലെടുത്ത സംഭവം പ്രവാസികള്ക്കിടയില് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എയര്പോര്ട്ടില് ഇറങ്ങി റിയാദിലേക്ക് ഡൊമസ്റ്റിക് ഫ്ളൈറ്റില് വരാനിരുന്ന വയനാട് അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെ കാണാനില്ലെന്നായിരുന്നു ബന്ധുക്കളുടെ ആദ്യ പരാതി. എന്നാല് സൗദിയില് നിരോധിച്ച മരുന്ന് കൈവശം സൂക്ഷിച്ചതിന് ജിദ്ദ കസ്റ്റംസ് വിഭാഗം ഫിലോമിനയെ കസ്റ്റഡിയിലെടുക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ജിദ്ദയിലെ ഇന്ത്യന് കോണ്സുലേറ്റ് ഇക്കാര്യ സ്ഥിരീകരിച്ചിട്ടുണ്ട്.
സൗദിയില് അഞ്ചുവര്ഷത്തിലേറെ ആരോഗ്യ മന്ത്രാലയത്തിന് കീഴില് സേവനമനുഷ്ഠിക്കുന്ന നഴ്സ് ഇത്തരത്തിലുള്ള നിയമക്കുരുക്കില്പ്പെട്ടത് ഏറെ അമ്പരപ്പളവാക്കുന്നുണ്ട്. നാട്ടില് നിന്നു വരുമ്പോള് അറിവില്ലായ്മ കൊണ്ടോ അല്ലെങ്കില് മറ്റാരുടെയെങ്കിലും നിര്ബന്ധം കൊണ്ടോ കൊണ്ടുപോന്നതാകാം പിടിച്ചെടുത്ത മരുന്നുകള് എന്നാണ് വിലയിരുത്തപ്പെടുന്നത്. സമാനമായ നിരവധി കേസുകള് ഇതിനുമുമ്പും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഫിലോമിന നിരപരാധിയാണെങ്കില് നിയമപരമായ നടപടികള്ക്ക് ശേഷം അവര്ക്ക് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങള്
ഒരു മരുന്ന് ഇന്ത്യയില് ഡോക്ടറുടെ കുറിപ്പടിയോടെ എളുപ്പത്തില് ലഭിക്കുന്നതാണെന്ന കാരണത്താല് മാത്രം അത് സൗദിയിലേക്ക് കൊണ്ടുവരാന് അനുമതിയുണ്ടെന്ന് കരുതരുത്. എല്ലാ ഇന്ത്യന് മരുന്നുകളും സൗദിയില് നിരോധിച്ചിട്ടുണ്ടെന്നും പറയാനാകില്ല. മരുന്നിന്റെ ഘടകങ്ങള്, അളവ്, ഉപയോഗം എന്നിവയും സൗദിയിലെ നിലവിലുള്ള കര്ശന നിയമങ്ങളും പരിശോധിച്ചാണ് അധികൃതര് അനുമതി തീരുമാനിക്കുന്നത്.
സൗദി ഫുഡ് ആന്ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ), ജനറല് ഡയറക്ടറേറ്റ് ഓഫ് നാര്ക്കോട്ടിക്സ് കണ്ട്രോള് (ജി.ഡി.എന്.സി)എന്നീ വിഭാഗങ്ങളാണ് ഇത്തരം വിഷയങ്ങളില് പ്രധാനമായും ഇടപെടുന്നത്. മരുന്നുകളുടെ നിയന്ത്രണവും അനുമതിയും എസ്.എഫ്.ഡിയുടെ പരിധിയിലാണ്. എന്നാല്, സംശയാസ്പദമായ കടത്തല്, നിയമലംഘനം, ക്രിമിനല് അന്വേഷണം എന്നിവയില് സുരക്ഷാ വിഭാഗങ്ങള്ക്കൊപ്പം ജി.ഡി.എന്.സിയും കര്ശന നടപടികള് സ്വീകരിക്കുന്നു.
യാത്രക്കാര് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്
എസ്എഫ്ഡിഎയുടെ ഔദ്യോഗിക കണ്ട്രോള്ഡ് ഡ്രഗ്സ് സിസ്റ്റം വഴി നിയന്ത്രിത മരുന്നുകള് രാജ്യത്തേക്ക് കൊണ്ടുവരുന്നതിനു മുന്കൂര് അനുമതിക്കായി താഴെ പറയുന്ന വിവരങ്ങള് നല്കേണ്ടതാണ്:
– മരുന്നിന്റെ ജനറിക് പേരും വ്യാപാര നാമവും.
– ഡോക്ടറുടെ കുറിപ്പടി അല്ലെങ്കില് ഔദ്യോഗിക മെഡിക്കല് റിപ്പോര്ട്ട്.
– മരുന്നിന്റെ അളവ്, സാന്ദ്രത, പാക്കറ്റിന്റെ വിവരങ്ങള്.
– തിരിച്ചറിയല് രേഖയും യാത്രാ വിവരങ്ങളും.
മുന്കൂര് അനുമതി.
അനുമതി ലഭിക്കേണ്ട മരുന്നാണെങ്കില് യാത്രയ്ക്ക് മുന്പ് തന്നെ എല്ലാ നടപടികളും പൂര്ത്തിയാക്കുന്നത് നിയമപ്രശ്നങ്ങളില് നിന്ന് രക്ഷനേടാന് സഹായിക്കും. ഡോക്ടറുടെ കുറിപ്പ് മാത്രം കൈവശം വെച്ചാല് മതിയാകും എന്ന് കരുതരുത്. ഔദ്യോഗിക അനുമതിക്കായുള്ള പോര്ട്ടല്: http://cds.sfda.gov.sa/
ഗള്ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്ക്കായി വിമാനത്താവളങ്ങള്, പ്രവാസി സംഘടനകള്, ആരോഗ്യപ്രവര്ത്തകരുടെ കൂട്ടായ്മകള്, ട്രാവല് ഏജന്സികള്, മാധ്യമങ്ങള് എന്നിവയുടെ സഹകരണത്തോടെ ബോധവല്ക്കരണം കൂടുതല് ശക്തമാക്കേണ്ടതുണ്ട്. നിയമങ്ങള് പാലിക്കേണ്ടത് ഓരോ യാത്രക്കാരുടെയും ഉത്തരവാദിത്തമാണ്. യാത്രാവേളകളിലെ ഇത്തരം ചെറിയ അശ്രദ്ധകള് വലിയ ദുരിതങ്ങള്ക്ക് കാരണമാകാതിരിക്കാന് യാത്രയ്ക്ക് മുമ്പുള്ള പരിശോധനകളും മുന്കരുതലുകളും ഓരോ പ്രവാസിയും കര്ശനമായി പാലിക്കാന് ശ്രദ്ധിക്കുക.

വാര്ത്തകള് വാട്സ്ആപ്പില് ലഭിക്കാന് ലിങ്കില് ക്ലിക്ക് ചെയ്യൂ…
വാര്ത്തകള് editor@sauditimesonline.com എന്ന വിലാസത്തില് ഇമെയില് ചെയ്യുക. വാര്ത്തകള് അയക്കുന്നവര് പേരും മൊബൈല് നമ്പരും എഴുതാന് മറക്കരുത്.






