Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

റിയാദ്: ഒട്ടിച്ചേര്‍ന്ന ശരീരവുമായി ജനിച്ച്, പരസ്പരം മുഖാമുഖം നോക്കാന്‍ പോലും കഴിയാതിരുന്ന കൊച്ചുമക്കള്‍ ഇനി വേവ്വേറെ നടക്കും; സ്വന്തം സ്വപ്‌നങ്ങളിലേക്ക് പറന്നുയരും. ഫിജിയില്‍ നിന്നുള്ള അപൂര്‍വ്വ സയാമീസ് ഇരട്ടകളായ ജാന്‍സിയെയും ഡെയ്‌സിയെയും 12 മണിക്കൂറും 45 മിനിറ്റും നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പെടുത്തി.

2025 സെപ്റ്റംബര്‍ 4ന് ജനിച്ച കുഞ്ഞുങ്ങള്‍ വയറും ഇടുപ്പും ചേര്‍ന്ന നിലയിലായിരുന്നു. കുടല്‍, കരള്‍, മൂത്രാശയം എന്നിവ പങ്കിട്ടിരുന്നതിനാല്‍ ശസ്ത്രക്രിയ അതീവ അപകട സാധ്യതയുള്ളതായിരുന്നു. തുടര്‍ന്നാണ് ഇവരുടെ ചികിത്സ സൗദി ഭരണകൂടം ഏറ്റെടുത്തു റിയാദിലെ കിംഗ് അബ്ദുള്ള സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ എത്തിച്ചത്.

ഡോ. അബ്ദുള്ള അല്‍ റബീഅയുടെ നേതൃത്വത്തിലുള്ള 35 അംഗ മെഡിക്കല്‍ സംഘമാണ് ദൗത്യത്തിന് പിന്നില്‍. പീഡിയാക്രിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി, അനസ്‌തേഷ്യ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരും നഴ്‌സുമാരും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചപ്പോള്‍ ശസ്ത്രക്രിയ വിജയകരമായി. കുഞ്ഞുങ്ങള്‍ രണ്ടുപേരും നിലവില്‍ ആരോഗ്യവാന്മാരായി തുടരുന്നു.

സൗദിയുടെ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന പദ്ധതിയിലൂടെ നടക്കുന്ന 74-ാമത്തെ ശസ്ത്രക്രിയയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 159 കേസുകളാണ് പദ്ധതി വഴി ഇതുവരെ കൈകാര്യം ചെയ്തത്. ‘ഞങ്ങളുടെ മക്കള്‍ക്ക് പുതിയൊരു ജീവിതം നല്‍കിയ സൗദി ഭരണകൂടത്തോടും ദൗത്യത്തില്‍ പങ്കാളികളായ ഡോക്ടര്‍മാരോടും വാക്കുകള്‍ക്കതീതമായ നന്ദിയുണ്ട്,’ നിറഞ്ഞ കണ്ണുകളോടെ കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. ജാതിയും ദേശവും ഭാഷയും കടന്ന്, മനുഷ്യത്വത്തിന്റെ പുതിയൊരു അധ്യായം കുറിക്കുകയാണ് റിയാദിലെ മെഡിക്കല്‍ സംഘം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top