Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

റിയാദില്‍ പന്തുരുണ്ടു, പെരുമയോടെ ‘സംഗമം സോക്കര്‍’

റിയാദ്: കോഴിക്കോട് സിറ്റി തെക്കേപ്പുറം കൂട്ടായ്മ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ടാമത് ‘ഡാഫൊഡില്‍സ് ആഷ്ടെല്‍ സംഗമം സോക്കര്‍2026’ ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് ദിറാബിലെ ദുറത്ത് മലാബ് സ്‌റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന ടീമുകളും സംഗമം കുരുന്നുകളും അണിനിരന്ന മാര്‍ച്ച് പാസ്‌റ്റോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കം. സയിദ് ഷാദിന്റെ ഖിറാഅത്തോടെ ആരംഭിച്ച ഉദ്ഘാടനച്ചടങ്ങില്‍, സിറ്റി ഫഌവര്‍ ഗ്രൂപ്പ് ആന്റ് മന്‍ചീസ് മാനേജിങ് ഡയറക്ടര്‍ മൊഹ്‌സിന്‍ അഹമ്മദ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം പി.ടി. മെഹബൂബ്, ലുഹ ഗ്രൂപ്പ് ചെയര്‍മാനും സംഗമം മുന്‍ പ്രസിഡന്റുമായ ബഷീര്‍ മുസ്ലിയാരകം എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

ഹൈസം ആദം, കെ.എം. ഇല്യാസ്, ഐ.പി. ഉസ്മാന്‍ കോയഎസ്.എം. മുഹമ്മദ് യൂനുസ് അലി, എം.ഡി കെ.പി. ഹാരിസ്, എം.ഡി ഇസ്മായില്‍ ഹാരിസ് സി.കെ. അജ്മല്‍, എം.ഡി അനീസ് റഹ്മാന്‍, നൗഫല്‍ മുല്ലവീട്ടില്‍,പി. നൗഷാദ് അലി, എം.ഡി കെ. അബ്ദുല്ല കോയ, എം.ഡി പി.എം. മുഹമ്മദ് ഇല്യാസ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

എ.എം. റൗഫ്, ഹനാന്‍ ബിന്‍ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ സോക്കര്‍ റോളിങ് ട്രോഫി കൈമാറി. നിലവിലെ ചാമ്പ്യന്മാരായ തെക്കേപ്പുറം ഫാല്‍ക്കണ്‍ ടീം ഉടമകളായ കെ.എം. ഇല്യാസ്, ഷാഹിദ് അബ്ദുസലാം, കെ. അബ്ദുല്ല കോയ, സി.ഇ.വി. സഞ്ജു എന്നിവര്‍ ചേര്‍ന്ന് ട്രോഫി ഭാരവാഹികള്‍ക്ക് കൈമാറി. മാര്‍ച്ച് പാസ്റ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച അത്‌ലറ്റികോ റിയാദ് മികച്ച ടീമിനുള്ള പുരസ്‌കാരം നേടി.

സംഗമം പ്രസിഡന്റ് പി.എം. മുഹമ്മദ് ഷാഹിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി റിസ്‌വാന്‍ അഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ് പി. സലിം നന്ദിയും പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.

ആദ്യ മത്സരത്തില്‍ ഗാലക്റ്റിക്കോസിനെ തോല്‍പ്പിച്ച് അത്‌ലറ്റികോ റിയാദ് ടൂര്‍ണമെന്റിലെ ആദ്യ മിന്നും വിജയം സ്വന്തമാക്കി. കളിയുടെ 13-ാം മിനിറ്റില്‍ അജ്മലും 27-ാം മിനിറ്റില്‍ സല്‍മാനും നേടിയ ഗോളുകളിലാണ് അത്‌ലറ്റികോ വിജയം ഉറപ്പിച്ചത്. ഗാലക്റ്റിക്കോസിനായി യുവതാരം സായാന്‍ ബറാമി ആശ്വാസ ഗോള്‍ നേടി. മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട അത്‌ലറ്റികോയുടെ സല്‍മാന്‍ അന്‍വറിന് ബഷീര്‍ മുസ്ലയാരകം പുരസ്‌കാരം സമ്മാനിച്ചു.

രണ്ടാം മത്സരത്തില്‍ ക്യാപിറ്റല്‍ എഫ്.സിയും തൂഫാന്‍ എഫ്.സിയും ഏറ്റുമുട്ടി. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ ക്യാപിറ്റല്‍ എഫ്.സിയെ വീഴ്ത്തി തൂഫാന്‍ എഫ്.സി വിജയികളായി. തൂഫാന്റെ യുവതാരം സാഹിദ് ബിന്‍ നൗഷിനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. പി.ടി. മെഹബൂബ് പുരസ്‌കാരം വിതരണം ചെയ്തു. ഒക്ടോബര്‍ 16ന് വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ ദുറത്ത് മലാബ് സ്‌റ്റേഡിയത്തില്‍ രണ്ടാം വാര മത്സരങ്ങളും സംഗമം ജൂനിയര്‍, സബ് ജൂനിയര്‍ ഫുട്‌ബോള്‍ മത്സരങ്ങളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top