
റിയാദ്: സൗദി അറേബ്യയിലെ മലയാളി നഴ്സുമാരുടെ ക്ഷേമവും സംരക്ഷണവും തൊഴില് പുരോഗതിയും ലക്ഷ്യമിട്ട് പ്രവര്ത്തിക്കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്എ സൗദി) പുതിയ നാഷണല് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷമീര് ഷംസുദ്ദീന് ആണ് പ്രസിഡന്റ്, ഡോ. ബെന്സന് കെ. ജോണ് (വൈസ് പ്രസിഡന്റ്), മായ ജയരാജ് (സെക്രട്ടറി), ഡെന്നി റോയ് (ജോയിന്റ് സെക്രട്ടറി), ജെസ്സി തോമസ് (ട്രഷറര്), അന്നമ്മ ജോര്ജ് (ജോയിന്റ് ട്രഷറര്) എന്നിവരാണ് മറ്റ് ഭാരവാഹികള് .പ്രവാസി നഴ്സിങ് സമൂഹത്തിന്റെ തൊഴില് നൈപുണ്യ വികസനത്തിലും സേവന മികവിനും കരുത്തോടെ സംഘടനയെ മുന്നോട്ടുനയിക്കാന് പുതിയ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികള് വ്യക്തമാക്കി.
തൃശ്ശൂര് ആസ്ഥാനമായി പ്രവര്ത്തനം ആരംഭിച്ച് ഇന്ന് ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരുടെ ശബ്ദമാണ് യുഎന്എ. കോവിഡ് മഹാമാരിയുടെ സമയത്ത് പ്രവാസ ലോകത്ത് കുടുങ്ങിപ്പോയ ഗര്ഭിണികളായ നഴ്സുമാര് ഉള്പ്പെടെയുള്ള നൂറുകണക്കിന് ആരോഗ്യപ്രവര്ത്തകര്ക്ക് നാട്ടിലേക്ക് മടങ്ങാന് ചാര്ട്ടേഡ് വിമാനങ്ങള് ഏകോപിപ്പിച്ച് നല്കിയും, നിയമ സഹായങ്ങള് എത്തിച്ചും യുഎന്എ സൗദി ചാപ്റ്ററിന്റെ ഇടപെടലുകള് പ്രവാസി സമൂഹം അംഗീകരിച്ചതാണ്.

സൗദി അറേബ്യയിലുടനീളമുള്ള വിവിധ ആശുപത്രികളില് ജോലി ചെയ്യുന്ന നഴ്സുമാര് നേരിടുന്ന പ്രശ്നങ്ങളില് ഇടപെടുക, നിയമസഹായം ഉറപ്പാക്കുക, തൊഴില് മികവ് വര്ദ്ധിപ്പിക്കുന്നതിനുള്ള പ്രൊഫഷണല് വര്ക്ക്ഷോപ്പുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുക എന്നിവയാണ് പുതിയ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങള്. കൂടാതെ, സൗദിയിലെ പ്രവാസി മലയാളികള്ക്കായി സൗജന്യ മെഡിക്കല് ക്യാമ്പുകള്, രോഗീപരിചരണ ബോധവല്ക്കരണങ്ങള്, സാംസ്കാരികസാമൂഹിക ക്ഷേമ പ്രവര്ത്തനങ്ങള് എന്നിവ വരുംദിവസങ്ങളില് വിപുലമായ രീതിയില് ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്നും സംഘടന അറിയിച്ചു.
പുതിയ കമ്മിറ്റിയുടെ കടന്നുവരവ് സൗദിയിലെ നഴ്സിങ് സമൂഹത്തിന് വലിയൊരു പ്രതീക്ഷയും ആശ്വാസവുമാണെന്ന് പ്രവാസി സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. സംഘടനാ മികവും നഴ്സിങ് മേഖലയിലെ സേവന താല്പര്യവും മുന്നിര്ത്തിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

വാര്ത്തകള് വാട്സ്ആപ്പില് ലഭിക്കാന് ലിങ്കില് ക്ലിക്ക് ചെയ്യൂ…
വാര്ത്തകള് editor@sauditimesonline.com എന്ന വിലാസത്തില് ഇമെയില് ചെയ്യുക. വാര്ത്തകള് അയക്കുന്നവര് പേരും മൊബൈല് നമ്പരും എഴുതാന് മറക്കരുത്.






