
തിരുവനന്തപുരം: പ്രവാസം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്നവര്ക്ക് ആശ്വാസമായി സര്ക്കാരിന്റെ സുപ്രധാന ഉത്തരവ്. പ്രവാസികള്ക്ക് ‘നോര്ക്ക റിട്ടേണി തിരിച്ചറിയല് കാര്ഡ്’ വിതരണം ചെയ്യും ‘നോര്ക്ക കെയര്, നോര്ക്ക കെയര് പ്ലസ്’ സമഗ്ര ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയില് അംഗങ്ങളാക്കുന്നതിനും സര്ക്കാര് തത്വത്തില് അനുമതി നല്കി. പ്രവാസി ലീഗല് സെല് ഹൈക്കോടതിയില് നടത്തിയ നിയമപോരാട്ടങ്ങളെത്തുടര്ന്നാണ് നിര്ണായക നടപടി.

കുറഞ്ഞത് രണ്ട് വര്ഷമെങ്കിലും പ്രവാസജീവിതം നയിച്ച് നാട്ടിഫ് സ്ഥിരം താമസമാക്കുന്നവര്ക്ക് 200 രൂപ നിരക്കില് 3 വര്ഷം കാലാവധിയുള്ള ‘നോര്ക്ക റിട്ടേണി തിരിച്ചറിയല് കാര്ഡ്’ നല്കും. കാര്ഡ് ഉടമകള്ക്ക് നോര്ക്കയുടെ സമഗ്ര ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയായ നോര്ക്ക കെയര്, കെയര് പ്ലസില് പരിരക്ഷ ലഭിക്കും. പദ്ധതിയുടെ അര്ഹതാ മാനദണ്ഡങ്ങളും പ്രീമിയവും സംബന്ധിച്ച് നോര്ക്കറൂട്ട്സ് അന്തിമ തീരുമാനമെടുക്കും.

മടങ്ങിയെത്തിയ പ്രവാസികളെ നോര്ക്ക കെയര് പദ്ധതിയില് ഉള്പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല് സെല് സര്ക്കാരിന് തുടര്ച്ചയായി നിവേദനങ്ങള് നല്കുകയും ഹൈക്കോടതിയില് റിട്ട് പെറ്റിഷന് ഫയല് ചെയ്യുകയും ചെയ്തിരുന്നു. ഹര്ജി പരിഗണിച്ച ഹൈക്കോടതി, പ്രവാസി ലീഗല് സെല്ലിന്റെ നിവേദനം പരിഗണിച്ച് തീരുമാനമെടുക്കാന് നോര്ക്ക റൂട്ട്സിനും സര്ക്കാരിനും നിര്ദ്ദേശം നല്കി. തുടര്ന്ന് തീരുമാനം വൈകിയതിനെ തുടര്ന്ന് കോടതിയലക്ഷ്യ കേസും ഫയല് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസികള്ക്ക് അനുകൂലമായി ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തില്, നോര്ക്ക റൂട്ട്സ് നടപ്പിലാക്കിയിട്ടുള്ള ഇന്ഷുറന്സ് പദ്ധതിയില് മടങ്ങിവന്ന പ്രവാസികളെ എത്രയും പെട്ടെന്ന് ഉള്പ്പെടുത്തുന്നതിനുള്ള അംഗത്വ വിന്ഡോ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില് കണ്ട് നിവേദനം സമര്പ്പിക്കുമെന്ന് പ്രവാസി ലീഗല് സെല് അറിയിച്ചു.
വാര്ത്തകള് വാട്സ്ആപ്പില് ലഭിക്കാന് ലിങ്കില് ക്ലിക്ക് ചെയ്യൂ…
വാര്ത്തകള് editor@sauditimesonline.com എന്ന വിലാസത്തില് ഇമെയില് ചെയ്യുക. വാര്ത്തകള് അയക്കുന്നവര് പേരും മൊബൈല് നമ്പരും എഴുതാന് മറക്കരുത്.






