Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

സന്തോഷയാത്ര ദുരന്തമായി: പ്രാര്‍ത്ഥനകള്‍ക്കിടെ പൊലിഞ്ഞ ജീവന്‍

റിയാദ്: പ്രതീക്ഷകളുടെയും പ്രാര്‍ത്ഥനകളുടെയും കുളിര്‍ക്കാറ്റേറ്റാണ് അവര്‍ ആ യാത്ര ആരംഭിച്ചത്. വിശുദ്ധ മദീനയുടെ മണ്ണിലേക്ക്, തിരുനബിയുടെ അരികിലേക്ക് മനസ്സ് കൊണ്ട് എത്രയോ മുന്‍പേ ഓടിയെത്തിയ ഒരു കുടുംബം. എന്നാല്‍, വിധി അവര്‍ക്കായി കാത്തുവെച്ചത് അപ്രതീക്ഷിതമായ ദുരന്തമായിരുന്നു.

ഒക്ടോബര്‍ 10ന്, റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഉയര്‍ന്ന സ്‌ഫോടനശബ്ദം ഒരു കുടുംബത്തിന്റെ സര്‍വ്വ സ്വപ്‌നങ്ങളെയും ചാരമാക്കിക്കളഞ്ഞു. ഹൂതികള്‍ തൊടുത്തുവിട്ട മിസൈലിലൊന്ന് നിമിഷനേരം കൊണ്ട് കവര്‍ന്നെടുത്തത് ഹൈദരാബാദുകാരനായ മൊഹമ്മദ് യൂസഫ് അലി എന്ന എന്‍ജിനീയറുടെ ജീവനായിരുന്നു.

അവരുടെ യാത്ര കേവലമൊരു ഉംറ തീര്‍ത്ഥാടനം മാത്രമായിരുന്നില്ല. മകന്റെ ബിടെക് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലെ മികച്ച വിജയത്തിന്റെ സന്തോഷം ദൈവത്തിന് മുന്നില്‍ നന്ദിയോടെ സമര്‍പ്പിക്കാനുള്ള പിതാവിന്റെ പുണ്യയാത്ര കൂടിയായിരുന്നു അത്. വിമാനത്താവളത്തിലെ കാത്തിരിപ്പിനിടയില്‍, തൊണ്ടവരണ്ട മകന് കുടിക്കാന്‍ ഗ്ലാസ് ജ്യൂസ് വാങ്ങാനായി അവന്റെ കൈപിടിച്ച് പോയതായിരുന്നു പിതാവ്.

എന്നാല്‍, ഏതാനും അടികള്‍ക്കപ്പുറത്ത് പെയ്തിറങ്ങിയ മിസൈല്‍ സ്‌ഫോടനം ആ സ്‌നേഹബന്ധത്തെ ചോരയില്‍ മുക്കി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ യൂസഫ് അലിയുടെ ഒരു കാല്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയി. അപകടം നടന്ന് രണ്ടാം നാള്‍, വിറങ്ങലിച്ച പ്രിയപ്പെട്ടവരെ തനിച്ചാക്കി യൂസഫ് അലി യാത്രയായി.

ഗുരുതരമായി പരിക്കേറ്റ മൂത്തമകന്‍ ഇന്നും ആശുപത്രി കിടക്കയിലാണ്. വയറ്റിലെ ശസ്ത്രക്രിയയ്ക്ക് ശേഷം, തകര്‍ന്ന കാല്‍മുട്ടുകളിലെ വേദന കടിച്ചുപിടിച്ച് അവന്‍ ജീവനിലേക്ക് തിരിച്ചുവരികയാണ്. പ്രാര്‍ത്ഥനകളോടെ അവന് കൂട്ടിരിക്കാന്‍ ഉമ്മയും അനുജനും സഹോദരിയും ഒപ്പമുണ്ട്. മദീനയുടെ വിശുദ്ധ മണ്ണിലേക്ക് നടന്നു കയറേണ്ടിയിരുന്ന ആ പാദങ്ങള്‍ ഇന്ന് നിശ്ചലമാണ്. എങ്കിലും, മകന് വേണ്ടി ജീവന്‍ ഉഴിഞ്ഞുവെച്ച പിതാവിന്റെ മായാത്ത ഓര്‍മ്മകള്‍ ഒരു കണ്ണീര്‍ക്കാറ്റായി അവരുടെ കുടുംബത്തില്‍ അലയടിക്കുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top