
റിയാദ്: സൗദി അറേബ്യയിലെ ശൈബ എണ്ണപ്പാടത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമ പ്രതിരോധ സേന തകര്‍ത്തു. ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്നു വീണ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഫിലിപ്പൈന്‍, നേപ്പാള്‍ സ്വദേശികളായ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരു ഇന്ത്യന്‍ പൗരനടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ രാവിലെയാണ് കിഴക്കന്‍ പ്രവിശ്യയിലെ സൗദി അരാംകോയുടെ ശൈബ എണ്ണപ്പാടത്തിലെ പ്രൊസസിംഗ് യൂണിറ്റ് ലക്ഷ്യമിട്ട് ഡ്രോണ്‍ എത്തിയത്. എന്നാല്‍ ലക്ഷ്യത്തിലെത്തും മുമ്പ് തന്നെ സൗദി വ്യോമ പ്രതിരോധ സേന ആകാശത്തു തകര്‍ക്കുകയായിരുന്നു.

ഡ്രോണ്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ പതിച്ച് എണ്ണപ്പാടത്തിന് പുറത്ത് കരാര്‍ ജോലികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് തീപിടിച്ചു. എങ്കിലും എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും സുരക്ഷിതമാണെന്നും ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ഫിലിപ്പൈന്‍, നേപ്പാള്‍ സ്വദേശികളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റ ഇന്ത്യന്‍, പാകിസ്ഥാന് പൗരന്മാര് ചികിത്സയിലാണ്.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






