Sauditimesonline

kmcc trikkaripur
സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ സലാം തൃക്കരിപ്പൂരിന് യാത്രയയപ്പ്

ഉമ്മന്‍ചാണ്ടി തെളിച്ച പ്രവാസി സുരക്ഷ; പിണറായി കെടുത്തിയ നോര്‍ക്ക കെയര്‍

നോര്‍ക്ക കെയറും ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങളും
പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി രൂപകല്‍പ്പന ചെയ്ത പദ്ധതികളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വളച്ചൊടിക്കുന്ന പ്രവണത വ്യാപകമാണ്. നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പിണറായി സര്‍ക്കാരാണ് ആരംഭിച്ചതെന്ന ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങളും വീമ്പുപറച്ചിലുകളും തികച്ചും അടിസ്ഥാനരഹിതമാണ്. ചില ഇടതു അനുകൂല പ്രവാസി കൂട്ടായ്മകളും ഇത് ഏറ്റുപിടിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ 2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ‘നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി’യുടെ സ്വാഭാവികമായ തുടര്‍ച്ചയാണ് നോര്‍ക്ക കെയര്‍. അതേസമയം, നോര്‍ക്ക കെയറിന്റെ പ്രീമിയം തുക വര്‍ധിപ്പിച്ചത് സര്‍ക്കാര്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണം.

2012ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ്
പ്രവാസി മലയാളികളുടെ ആവശ്യങ്ങള്‍ മാനിച്ച് 2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ ‘പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി’ക്ക് തുടക്കക്കമിടുന്നത്. വിദേശത്ത് തൊഴിലെടുക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ഭാരമില്ലാതെ ചികിത്സാ സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത പദ്ധതിയിലൂടെ, 18നും 60നും ഇടയില്‍ പ്രായമുള്ള എല്ലാ പ്രവാസികള്‍ക്കും വെറും 661 രൂപ പ്രീമിയം അടച്ചാല്‍ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിച്ചിരുന്നു. ഈ കുറഞ്ഞ പ്രീമിയത്തിലൂടെ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് അന്ന് ഒരു ലക്ഷം രൂപാ ചികിത്സാ ധനസഹായവും മൂന്നു ലക്ഷം രൂപ മരണാനന്തര സഹായവും ലഭിച്ചത്.

നോര്‍ക്ക കെയര്‍ ഉദ്ഘാടനവും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും
എന്നാല്‍ പത്തുവര്‍ഷം കേരളം ഭരിച്ച പിണറായി സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം പിന്നിട്ടപ്പോഴും പ്രവാസികള്‍ക്കായി പുതുതായി യാതൊരു ക്ഷേമ പദ്ധതിയും ആവിഷ്‌കരിച്ചില്ലെന്ന ആക്ഷേപം ശക്തമായി. ഒടുവില്‍ തിരഞ്ഞെടുപ്പ് നേരിടേണ്ടിവന്ന ഘട്ടത്തില്‍, മുന്‍കാല യുഡിഎഫ് സര്‍ക്കാരിന്റെ പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സ്ഥാനത്ത് ‘നോര്‍ക്ക കെയര്‍’ എന്ന പേരില്‍ പുതിയ പദ്ധതി 2025 സെപ്റ്റംബര്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇതൊരു തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്ന് അന്നേ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഗള്‍ഫ് നാടുകളില്‍ ഇടതു പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഇതിന്റെ പ്രചാരണങ്ങള്‍ക്കു വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്കു രൂപം നല്‍കുകയും അംഗങ്ങളെ ചേര്‍ക്കാന്‍ ക്യാമ്പയിനുകള്‍ സജീവമാക്കുകയും ചെയ്തു. പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി യുഡിഎഫിനോട് ചേര്‍ന്നുനില്‍ക്കുന്ന പ്രവാസി കൂട്ടായ്മകളു പദ്ധതിക്ക് പ്രോത്സാഹനം നല്‍കിയിരുന്നു.

നോര്‍ക്ക കെയറിലെ അശാസ്ത്രീയമായ പ്രീമിയം വര്‍ധന
തുടക്കത്തില്‍ 7,500 രൂപ മുതല്‍ ആരംഭിച്ചിരുന്ന വാര്‍ഷിക പ്രീമിയം തുക പിന്നീട് ഗണ്യമായി വര്‍ധിപ്പിച്ചതോടെയാണ് നോര്‍ക്ക കെയര്‍ നിലവില്‍ വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങിയത്. 3 ലക്ഷം മുതല്‍ 1 കോടി വരെയുള്ള എട്ട് സ്ലാബുകളിലായി കുടുംബങ്ങള്‍ക്ക് 13,411 രൂപ മുതല്‍ 44,364 രൂപ വരെയുള്ള ഉയര്‍ന്ന നിരക്കുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പങ്കാളിയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന് 5 ലക്ഷം രൂപയുടെ കവറേജിന് 13,411 രൂപയും, ഉയര്‍ന്ന പരിരക്ഷാ വിഭാഗങ്ങളില്‍ 44,000 രൂപയ്ക്ക് മുകളിലും പ്രീമിയം നല്‍കേണ്ട അവസ്ഥയാണുള്ളത്. പുതിയ പദ്ധതിയില്‍ പ്രായപരിധി എടുത്തുകളഞ്ഞു എന്ന അവകാശവാദങ്ങള്‍ ഉയരുമ്പോഴും, പ്രായം കൂടുന്തോറും വന്‍ തുക പ്രീമിയം ഈടാക്കുന്നതിനാല്‍ മുതിര്‍ന്ന പ്രവാസികള്‍ക്ക് ഇത് അപ്രാപ്യമായി മാറുകയാണ്. കുടുംബാംഗങ്ങളെയും പ്രായമായ മാതാപിതാക്കളെയും ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയാത്തത്ര വലിയൊരു സാമ്പത്തിക ബാധ്യതയായി ഇത് മാറിക്കഴിഞ്ഞു.

കൃത്യമായ പഠനമില്ലാത്തത് സര്‍ക്കാര്‍ വീഴ്ച
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പ്രവാസികള്‍ക്കായി അടിത്തറയിട്ട പദ്ധതിയെ കാലാനുസൃതമായി മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട ഇടത് സര്‍ക്കാര്‍, 661 രൂപക്ക് പകരം 7500 രൂപയിലേക്ക് പ്രീമിയം കുത്തനെ കൂട്ടി പ്രവാസികളെ വാഗ്ദാനങ്ങളുടെ മായാവലയത്തിലാക്കി കൊള്ളയടിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രൊപ്പഗണ്ട എന്നതിനപ്പുറം കൃത്യമായ പഠനമില്ലാതെയാണ് നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് രൂപം നല്‍കിയതെന്ന് വേണം കരുതാന്‍. അതിന്റെ ദുരന്തമാണ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അതേപടി പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്.

വിശ്വാസ്യത തകരുന്നു; പ്രവാസികളുടെ ആശങ്കകള്‍
അതേസമയം, അശാസ്ത്രീയമായ പ്രീമിയം വര്‍ധനയും കൃത്യമായ ക്ലെയിം സെറ്റില്‍മെന്റുകളെക്കുറിച്ചുള്ള അവ്യക്തതകളും പദ്ധതിയുടെ വിശ്വാസ്യതയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പ്രവാസികള്‍ തുറന്നുകാട്ടുന്നു. പുതിയ പോളിസികള്‍ എടുക്കുന്നതില്‍ നിന്ന് പ്രവാസികള്‍ വ്യാപകമായി പിന്മാറാന്‍ തുടങ്ങുന്നതോടെ കാമ്പയിന്‍ പൂര്‍ണ്ണമായും പരാജയപ്പെടാനാണ് സാധ്യത. പ്രവാസികളുടെ യഥാര്‍ത്ഥ ജീവിതസാഹചര്യങ്ങള്‍ മനസ്സിലാക്കാതെ നടപ്പിലാക്കിയ ഇത്തരം നയങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ്.

പ്രതിഷേധവും മുന്നറിയിപ്പും
കേരളത്തിന്റെ സാമ്പത്തിക അടിത്തറയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹം സ്വന്തം അവകാശങ്ങള്‍ക്കായി ഒത്തൊരുമിച്ച് രംഗത്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ പ്രവാസലോകത്ത് കാണാന്‍ സാധിക്കുന്നത്. നോര്‍ക്ക കെയര്‍ പ്രീമിയം വര്‍ധനവിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും വിവിധ സംഘടനകളുടെ നേതൃത്വത്തിലും ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. പ്രവാസികള്‍ കൂട്ടത്തോടെ പോളിസി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചാല്‍ അത് സര്‍ക്കാരിന്റെ പ്രവാസി അനുകൂല മുഖംമൂടി അഴിച്ചുമാറ്റും. ജനരോഷവും പ്രതിഷേധങ്ങളും വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് കനത്ത കളങ്കം സൃഷ്ടിക്കുമെന്നുറപ്പാണ്. പ്രവാസികളുടെ ശക്തമായ ചെറുത്തുനില്‍പ്പും കൂട്ടായ ബഹിഷ്‌കരണവും സര്‍ക്കാരിനെയും നോര്‍ക്ക അധികാരികളെയും പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിതരാക്കും. പ്രവാസി സമൂഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് സാധിക്കില്ല. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് ഉയര്‍ന്ന പ്രീമിയം തുക പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം അത് വരും നാടുകളില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കും സര്‍ക്കാരിനെതിരെയുള്ള ജനവികാരത്തിനും കാരണമായിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top