Sauditimesonline

norka care keli
പേരിനൊരു കെയറും പേക്കൂത്തായൊരു പ്രീമിയവും: കേളി

പേരിനൊരു കെയറും പേക്കൂത്തായൊരു പ്രീമിയവും: കേളി

റിയാദ്: നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പുതിയ പ്രീമിയം നിരക്കുകള്‍ക്കെതിരെ പ്രവാസലോകത്ത് വ്യാപക പ്രതിഷേധം. പ്രവാസികള്‍ക്കായി നടപ്പാക്കിയ പദ്ധതിയില്‍ പ്രീമിയം കുത്തനെ ഉയര്‍ത്തിയതോടെ ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ ആരോഗ്യസുരക്ഷയ പ്രതിസന്ധിയിലായി. പദ്ധതി പുതുക്കാനുള്ള നടപടികള്‍ അവസാന നിമിഷംവരെ വൈകിപ്പിച്ചത് നിരക്ക് വര്‍ധന നടപ്പാക്കാനായിരുന്നെന്ന സംശയവും പ്രവാസികള്‍ ഉയര്‍ത്തുന്നുണ്ട്. നിരക്ക് വര്‍ധന പിന്‍വലിച്ച് പഴയ രീതിയില്‍ പദ്ധതി തുടരണമെന്ന് കേളി കലാസാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.

പ്രവാസികളുടെ ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തി രൂപം നല്‍കിയ പദ്ധതിയില്‍ പുതിയ നിരക്കുകള്‍ വന്നതോടെ വിവിധ പ്രായവിഭാഗങ്ങളില്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത പരിരക്ഷയ്ക്ക് 51 – 60 പ്രായവിഭാഗത്തില്‍ വാര്‍ഷിക പ്രീമിയം 21,722 രൂപയായും, 61 – 70 പ്രായവിഭാഗത്തില്‍ ഇത് 28,326 രൂപയായുമാണ് നിശ്ചയിച്ചിരിക്കുന്നത്. 71 – 80 വിഭാഗത്തിലാകട്ടെ ഇത് 48,279 രൂപയാണ്. അതേസമയം അഞ്ച് ലക്ഷം രൂപയുടെ കുടുംബ പരിരക്ഷയ്ക്ക് 51 – 60 പ്രായവിഭാഗത്തില്‍ 35,664 രൂപയും 61 – 70 വിഭാഗത്തില്‍ 44,718 രൂപയുമാണ് പുതിയ നിരക്ക്. സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാനാവാത്ത ഉയര്‍ന്ന നിരക്കുകള്‍ പദ്ധതിയുടെ അടിസ്ഥാനലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് വിമര്‍ശനം ഉയരുന്നു.

പ്രായപരിധി എടുത്തുകളഞ്ഞുവെന്ന പ്രഖ്യാപനം സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, ഉയര്‍ന്ന പ്രായത്തിലുള്ളവര്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന പ്രീമിയത്തെക്കുറിച്ച് അധികൃതര്‍ മറുപടി പറയണം. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നത് മാത്രമല്ല പ്രധാനം; അത് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ലഭ്യമാകണം. പ്രായം കൂടുന്തോറും രോഗസാധ്യതയും ചികിത്സാചെലവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പ്രവാസികള്‍ക്ക് വലിയ പ്രീമിയം ചുമത്തുന്നത് അവരെ ആരോഗ്യപരിരക്ഷയില്‍നിന്ന് അകറ്റാനേ ഉപകരിക്കൂ. പ്രായപരിധി നീക്കിയെന്ന പ്രചാരണത്തിന്റെ മറവില്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നത് പ്രവാസികളോടുള്ള നീതിയല്ലെന്ന് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

പദ്ധതി പുതുക്കുന്നതില്‍ വ്യക്തത വരുത്താതെ അവസാന നിമിഷംവരെ നീട്ടിക്കൊണ്ടുപോയതും ഇപ്പോള്‍ പുറത്തുവന്ന ഉയര്‍ന്ന നിരക്കുകളും തമ്മില്‍ ബന്ധമുണ്ടോയെന്നാണ് പ്രവാസികളുടെ പ്രധാന ആശങ്ക. പുതുക്കലിനായി കാത്തിരുന്നവര്‍ക്ക് മുന്‍കൂട്ടി സാമ്പത്തിക ആസൂത്രണം നടത്താനോ മറ്റ് ബദല്‍ പരിരക്ഷാ മാര്‍ഗങ്ങള്‍ കണ്ടെത്താനോ ഉള്ള സമയം ലഭിച്ചില്ല. തുടര്‍ചികിത്സ ആവശ്യമുള്ളവരും കുടുംബാംഗങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കായി നോര്‍ക്ക കെയറിനെ മാത്രം ആശ്രയിച്ചവരുമാണ് ഇതുമൂലം ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തിക്കാനും രൂപം നല്‍കിയ ലോക കേരളസഭയുടെ പ്രവര്‍ത്തനം ഫലപ്രദമല്ലാതായതോടെ പ്രവാസികളുടെ ശബ്ദം ഉയര്‍ത്താനുള്ള പ്രധാന വേദിയും നഷ്ടപ്പെട്ടതായി പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാസികളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും കേട്ട് നയങ്ങള്‍ രൂപപ്പെടുത്തേണ്ടതിന് പകരം അവരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങളില്‍ അവ്യക്തത തുടരുന്നത് അംഗീകരിക്കാനാവില്ല. പ്രവാസികളുടെ ശബ്ദം കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനും സര്‍ക്കാര്‍ പൂര്‍ണ്ണമായും ബാധ്യസ്ഥമാണ്.

നോര്‍ക്ക കെയര്‍ പദ്ധതിയുടെ പഴയ നിരക്കുകളും പുതിയ നിരക്കുകളും തമ്മിലുള്ള താരതമ്യം അധികൃതര്‍ പരസ്യപ്പെടുത്തണമെന്നും പ്രീമിയം വര്‍ധനയുടെ കൃത്യമായ കാരണം വ്യക്തമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നിലവിലുള്ള അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ മുടങ്ങാതിരിക്കാനുള്ള സംവിധാനം ഉറപ്പാക്കണമെന്നും നിരക്കുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന രീതിയില്‍ പുനഃക്രമീകരിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെടുന്നു. പ്രവാസികളെ ഉയര്‍ന്ന പ്രീമിയത്തിന്റെ പേരില്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍നിന്ന് പുറത്താക്കുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമുണ്ടാകരുതെന്നും, നോര്‍ക്ക കെയര്‍ പുതുക്കല്‍ വൈകിപ്പിച്ചതിന്റെ കാരണവും പുതിയ നിരക്കുകള്‍ നിശ്ചയിച്ചതിന്റെ വിശദാംശങ്ങളും സര്‍ക്കാര്‍ അടിയന്തരമായി വ്യക്തമാക്കണമെന്നും കേളി കലാസാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top