
റിയാദ്: നിര്‍മ്മിത ബുദ്ധിയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാളത്തില്‍ പിറവിയെടുത്ത ഇന്ത്യയിലെ ആദ്യ ആര്‍ട്ട് ഹൗസ് ചിത്രം ‘വാഗ്ദത്ത ഭൂമി’ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. അബുദാബി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുത്തതായി നിര്‍മ്മാതാവ് ഷാജു വാലപ്പന് റിയാദില്‍ അറിയിച്ചു.

സാങ്കേതികവിദ്യയും സിനിമാറ്റിക് ആര്‍ട്ടും സമന്വയിപ്പിച്ചാണ് ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ പുതിയൊരു ദൗത്യമാണ് ഇതുവഴി തുടക്കമിട്ടിരിക്കുന്നത്. മലയാളികള്‍ക്കു അഭിമാനകരമായ നേട്ടം ഇന്ത്യന്‍ സിനിമയുടെ പുതിയ ചുവടുവെപ്പാണെന്ന് ഷാജു വാലപ്പന് പറഞ്ഞു.
കേരളത്തിലെ മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ പ്രകൃതിയോട് ഇഴുകിച്ചേര്‍ന്നു ജീവിക്കുന്ന കര്‍ഷകന്റെയും കുടുംബത്തിന്റെയും ജീവിതാനുഭവങ്ങളാണ് ചിത്രം. തൊഴില്‍തേടി യുവതലമുറ കൂട്ടത്തോടെ നാടുവിടുകയാണ്. ഈ സാഹചര്യത്തില്‍, കേരളത്തിലെ ഗ്രാമങ്ങള്‍ പ്രായമായവരുടെ മാത്രമായി ചുരുങ്ങിപ്പോകുന്ന കനത്ത സാമൂഹിക പ്രതിസന്ധികളും കുടുംബബന്ധങ്ങളുടെ നിശ്ശബ്ദമായ നോവുകളും പ്രമേയമാക്കിയാണ് ചിത്രം.

അബുദാബി ഫെസ്റ്റിവല്‍ പ്രവേശനത്തിന് പിന്നാലെ, ഈ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സര പ്രദര്‍ശന വിഭാഗത്തിലേക്കും ചിത്രം സമര്‍പ്പിച്ചിട്ടുണ്ട്. മേളയില്‍ ചിത്രത്തിന് അര്‍ഹമായ പരിഗണനയും അംഗീകാരവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.
നിര്‍മ്മാതാവ് ഷാജു വാലപ്പനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സിനിമയില്‍ മോഡലായി അഭിനയിച്ച സുരേഷ് ശങ്കര്‍ തൃശൂര്‍, നോയല്‍ ഷാജു വാലപ്പന്, വാലപ്പന് ക്രിയേഷന്‍സ് സി.ഇ.ഒ. ലിന്‍സി ഷാജു വാലപ്പന്, ഫിനാന്‍സ് കണ്ട്രോളര് ഡോ. നോവ ഷാജു വാലപ്പന്, അസ്സോസിയേറ്റ് ഡയറക്ടര്‍ ഇഹ്ലാസ് റഹ്മാന് എന്നിവരും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






