
റിയാദ്: സൗദിയില്‍ വിപുലമായ യോഗ ദിനാഘോഷത്തിന് ഒരുക്കം തുടങ്ങി. അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനം റിയാദ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ആചരിക്കും. ജൂണ്‍ 20ന് രാവിലെ 8ന് കിംഗ് അബ്ദുല്‍ അസീസ് ഹിസ്‌റ്റോറികല്‍ സെന്ററിനടുത്ത് അല്‍ മാദി പാര്‍ക്കില്‍ യോഗയും സമ്മേളനവും നടക്കും. വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരും അറബ് യോഗ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരും പങ്കെടുക്കും.
ഇന്റര്‍നാഷണല്‍ യോഗ ക്ലബും സമന്വയ സാമൂഹിക സാംസ്‌കാരിക സമിതിയും സംയുക്തമായി റിയാദില്‍ ജൂണ്‍ 21ന് യോഗ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി പ്രസംഗം, ഫോട്ടോഗ്രഫി, ഉപന്യാസം, ചിത്രരചന തുടങ്ങിയ മത്സരങ്ങള്‍ നടന്നതായി സംഘാകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രിന്‍സ് സുല്‍ത്താന്‍ യൂനിവേഴ്‌സിറ്റിക്കടുത്ത് ടെക്‌നിക്കല്‍ ആന്റ്വൊക്കേഷണല്‍ ട്രൈനിംഗ് സെന്റര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 7ന് സാംസ്‌കാരിക സമ്മേളനം നടക്കും. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് മുഖ്യാതിഥിയായിരിക്കും. ശ്രീലങ്കന്‍ അംബാസഡര്‍ അസ്മി തസീമിന് പ്രഥമ യോഗമിത്ര അവാര്‍ഡ് സമ്മാനിക്കും. ജര്‍മന്‍ അംബാസഡര്‍ ജോര്‍ജ് റണൗ, മൗറീഷ്യസ് അംബാസഡര്‍ ഹെമേദി ഇദ്ദി എംഗാസ തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടികളുടെ വിജയത്തിനായി അജീഷ് ജനാര്‍ദ്ധനന്‍, യോഗാചാര്യ സൗമ്യ, പ്രൊഫ. ഫാലെ അജ്മി, ഡോ. മുരുകന്‍, ഡോ. ദില്‍ഷാദ് അഹമദ്, ഡോ. ഷൗക്കത്ത് പര്‍വേസ്, ഡോ. ജയചന്ദ്രന്‍, എഞ്ചി. സെയ്ഗം ഖാന്‍, ഡോ. മുഹമ്മദ് അഷ്‌റഫ് അലി, ശങ്കര്‍ രാമയ്യ, ജഗന്‍ മോഹന്‍, ഡോ. നരേന്ദ്രന്‍, ഡോ. ഗീത നരേന്ദ്രന്‍, വാസുദേവന്‍ പിളള എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സംഘടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സുനില്‍ മോഹന്‍, റവറല്‍ ആന്റണി ഏബില്‍, അജീഷ് ജനാര്‍ദ്ധനന്‍, സതീഷ്‌കുമാര്‍ ദീപക്, രവികുമാര്‍, സന്തോഷ് ഷെട്ടി, ശ്രീജേഷ് എന്നിവര്‍ പങ്കെടുത്തു.

അന്താരാഷ്ട്ര യോഗാ ദിനം ഇന്ത്യന്‍ ഓവര്‍സീസ് ഫോറവും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ആഘോഷിക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജിദ്ദയില്‍ യോഗ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഹദീക് ആഡിറ്റോറിയത്തില്‍ യോഗാ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ അരങ്ങേറും. ദമാമിലും റിയാദിലും ജൂണ്‍ 21ന് പ്രത്യേക പരിപാടികള്‍ നടക്കും. റിയാദ് റിയല്‍ മാഡ്രിഡ് സ്‌റ്റേഡിയത്തില്‍ മൂവായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന യോഗ പ്രദര്‍ശനം നടക്കും. വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






