Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

കൊല്ലം പൊലീസ് കമ്മീഷ്ണര്‍ മെറിന്‍ ഐ.പി.എസ് റിയാദില്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: പോക്‌സോ കേസ് പ്രതിയെ അറസ്റ്റുചെയ്യാന്‍ മെറിന്‍ ജോസഫ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ കേരള പോലീസ് റിയാദില്‍. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രന്‍ (38 ) നെ ഇന്റര്‍പോളിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ മെറിന്‍ ജോസഫും സംഘവും ചൊവ്വാഴ്ച കേരളത്തിലെത്തിക്കും. നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഇന്ത്യയുടെ ആവശ്യപ്രകാരം സൗദി ഇന്റര്‍പോള്‍ മൂന്നാഴ്ച മുമ്പ് സുനില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. സൗദിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദി ഇന്റര്‍പോള്‍ പ്രതിയെ പോലീസ് സംഘത്തിന് കൈമാറും. കൊല്ലം ഡിസ്ട്രിക്റ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ എം. അനില്‍കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. പ്രകാശ് എന്നിവരാണ് സംഘത്തിലുള്ള മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍.

മെറിൻ ജോസഫും സംഘവും റിയാദിൽ

ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായ സുനില്‍ കുമാര്‍ 2017 ല്‍ നാട്ടിെലത്തിയപ്പോഴാണ് പട്ടികജാതി വിഭാഗക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതൃസഹോദരെന്റ സുഹൃത്തായിരുന്നു പ്രതി. ഇളയച്ഛന്‍ വഴിയാണ് പെണ്‍കുട്ടിയുടെ വീടുമായി സൗഹൃദം സ്ഥാപിക്കുന്നത്. 13 വയസ് മാത്രം പ്രായമുണ്ടായിരുന്ന കുട്ടിയെ ഇയാള്‍ ലൈംഗീക പീഡനത്തിനിരയാക്കി. പിന്നീട് വിവരം സഹപാഠികള്‍ വഴി സ്‌കൂള്‍ അധ്യാപിക അറിഞ്ഞു. അവര്‍ ചൈല്‍ഡ് ലൈന് വിവരം കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി നിരന്തരം പീഡനത്തിന് ഇരയായി എന്നു വ്യക്തമായത്. ഇതോടെ കേസ് റെജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഇവിടെ ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും അവിടെ വെച്ച് ജീവനൊടുക്കി. ഇതുസംബന്ധിച്ച അന്വേഷണം നടക്കുേമ്പാള്‍ തന്നെ പ്രതി അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങി. റിയാദില്‍ കഴിയുന്ന സുനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ ഒന്നര വര്‍ഷമായി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ സൗദി ഇന്റര്‍പോള്‍ പ്രതിയെ പിടികൂടിയ വിവരം സി ബി ഐ ക്ക് കൈമാറി. പരമാവധി 45 ദിവസമാണ് സൗദി പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വെക്കാനാകുക. സമയപരിധി അവസാനിക്കുന്നതിന് മുമ്പ് പോലീസ് പ്രതിയുമായി കേരളത്തിലെത്തും.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പൊലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. 2010ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സൗദി സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റത്തിന് ധാരണയുണ്ടായത്. എന്നാല്‍ കേരളത്തില്‍ നിന്നു പൊലീസ് സംഘം ആദ്യമായാണ് സൗദിയിലെത്തുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top