
റിയാദ്: സൗദി അറേബ്യയുടെ അഭിവൃദ്ധിക്കായി പരിഷ്‌കരണ പരിപാടികള്‍ തുടരുമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ്. വിഷന്‍ 2030 പദ്ധതിയുടെ രണ്ടാം ഘട്ടം വേഗത്തിലാക്കുമെന്നും ശൂറാ കൗണ്‍സിലില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ രാജാവ് പറഞ്ഞു.
അന്താരാഷ്ട്ര രംഗത്തെ മാറ്റങ്ങള്‍ക്കനുസൃതമായി വൈവിധ്യവും കരുത്തും നേടിയെടുക്കണം. മികച്ച സമ്പദ് വ്യവസ്ഥ കൈവരിക്കുകയും പൗരന്‍മാരുടെ ക്ഷേമം ഉറപ്പു വരുത്തുകയും വേണം. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആഭ്യന്തര ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. എട്ടാമത് ശൂറാ കൗണ്‍സിലിന്റെ രണ്ടാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജാവ്.
ഇറാന്‍ നിഷേധാത്മക നിലപാട് തിരുത്തണം. അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കുന്ന ഇറാന്‍ നയങ്ങളില്‍ ആശങ്കയുണ്ട്. അയല്‍ രാജ്യങ്ങളില്‍ ഇറാന്‍ സൈനികരെ വിന്വസിക്കുകയും വിഭാഗിയത സൃഷ്ടിക്കുകയും ചെയ്യുന്നു. യമനില്‍ ഹൂതികളെ സഹായിക്കുന്നത് ഇറാനാണ്. ഇതാണ് യുദ്ധം നീണ്ടുപോകാന്‍ കാരണമെന്നും രാജാവ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ രാജ്യത്തിന് കഴിഞ്ഞു. മഹാമാരിയെ ചെറുക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ക്കും ഇതര രാഷ്ട്രങ്ങള്‍ക്കും മഹാമാരിയെ നേരിടാന്‍ സാമ്പത്തിക സഹായം തുടരും. അന്താരാഷ്ട്ര രംഗത്ത് സമാധാനം നിലനില്‍ക്കണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങളും പ്രതിസന്ധികളും വിവേക പൂര്‍വ്വം കൈകാര്യം ചെയ്യുന്ന നയമാണ് രാജ്യം സ്വീകരിക്കുക. നീതിയിലധിഷ്ടിതമായ നിലപാടുകളും മികച്ച സഹകരണവും ഗള്‍ഫ് മേഖലയിലും അന്തര്‍ദേശീയ തലത്തിലും സ്വീകരിച്ചു വരുന്നത് അന്താരാഷ്ട്ര സമൂഹത്തില്‍ രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തിക്കാട്ടാന്‍ സഹായിച്ചതായും രാജാവ് പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





