റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കാനുളള കരാര്‍ ഒപ്പുവെച്ചു. ഇത് റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ സാക്ഷ്യപ്പെടുത്തി. കരാറും 15 മില്യണ്‍ റിയാലിന്റെ ചെക്കും കോടതിക്കു സമര്‍പ്പിക്കുകയും ചെയ്തു. മോചനത്തിനുളള അവസാന നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഈദ് അവധി കഴിഞ്ഞ് കേസ് റിയാദ് ക്രിമിനല്‍ കോടതി പരിഗണിക്കും.
മരിച്ച ബാലന്‍ അനസ് അല്‍ ശഹരിയുടെ കുടുംബ അഭിഭാഷകന്‍ മുബാറഖ് ഖഹ്ത്വാനി, അബ്ദുല്‍ റഹീമിനു വേണ്ടി സഹായ സമിതി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ ഉസാമ അബ്ദുല്ലത്തീഫ് അല്‍ അംബര്‍, റഹീമിന്റെ കുടുംബം പ്രതിനിധിയായി അധികാരപത്രം നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ജൂണ്‍ 3ന് ഗവര്‍ണറേറ്റിലെ അനുരജ്ഞന സമിതി ഓഫീസില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. പ്രസ്തുത കരാറാണ് ഗവര്‍ണര്‍ സാക്ഷ്യപ്പെടുത്തി ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്.
ഇന്ത്യന്‍ എംബസി ഗവര്‍ണറേറ്റില്‍ സമര്‍പ്പിച്ച ഒന്നര കോടി സൗദി റിയാലിന്റെ ചെക്കും അനുരഞ്ജന കരാറും കോടതിയില്‍ സമര്‍പ്പിച്ചതായി സിദ്ധിഖ് തുവ്വൂര്‍ പറഞ്ഞു. ഈദ് അവധി കഴിഞ്ഞു കേസ് പരിഗണിക്കുന്ന ദിവസം ഇരു വിഭാഗം അഭിഭാഷകരും ഹാജരാകാന്‍ കോടതി ആവശ്യപ്പെടും. വധശിക്ഷ റദ്ദ് ചെയ്യുന്ന വിധി അന്നുണ്ടാകും. അന്നുതന്നെ മോചന ഉത്തരവും ലഭിക്കുമെന്നാണ് പ്രതീക്ഷ. കേസ് നടപടികളും പുരോഗതിയും ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിക്കുന്നുണ്ട്.
അതിനിടെ ബത്ഹ ഡിപാലസില്‍ സഹായ സമിതി സ്റ്റിയറിങ് കമ്മറ്റി യോഗം ചേര്‍ന്നു. ചെയര്‍മാന്‍ സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. കോടതി നടപടികള്‍ സിദ്ധിഖ് തുവ്വൂര്‍, സമിതി വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍ എന്നിവര്‍ വിശദീകരിച്ചു. കേസുമായ ബന്ധപ്പെട്ട റിപ്പോര്‍ട്ട് ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ സ്വാഗതം പറഞ്ഞു. കോഓഡിനേറ്റര്‍ ഹര്‍ഷദ് ഫറോക്, കുഞ്ഞോയി കോടമ്പുഴ, മൊഹിയുദ്ധീന്‍ ചേവായൂര്‍, ഷമീം മുക്കം, നവാസ് വെള്ളിമാട് കുന്ന്, സുധീര്‍ കുമ്മിള്‍ എന്നിവര്‍പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.