Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു

ജലതരംഗങ്ങളുടെ ആകാശവീഥി; ‘അക്വാറേബ്യ’യില്‍ വിസ്മയം വിരിഞ്ഞു

റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടര്‍തീം പാര്‍ക്കായ ‘അക്വാറേബ്യ’ ഖിദ്ദിയ വിനോദ നഗരത്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 2.5 ലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പാര്‍ക്കില്‍ എട്ടു വ്യത്യസ്ത മേഖലകളിലായി 22 റൈഡുകളും വിവിധ വിനോദ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ഏഴ് ഡ്രൈ റൈഡുകളും സന്ദര്‍ശകര്‍ക്കായി സജ്ജമാണ്. ലോകത്തെ ഏറ്റവും ഉയരവും നീളവുമുളള വാട്ടര്‍ കോസ്റ്റര്‍ ‘ജുനൂണ്‍ ഡ്രോപ്പ്’, ലോകത്തെ ഏറ്റവും നീളമേറിയ സ്ലൈഡ് വീല്‍ ‘സ്ലിതറീല്‍’, തിരമാലകളുടെ വലിപ്പം നിയന്ത്രിക്കാന്‍ കഴിയുന്ന കൃത്രിമ വേവ് പൂള്‍ ‘സര്‍ഫ്‌ടോപ്പിയ’ തുടങ്ങിയവയാണ് പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടു വരെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം. എല്ലാ ദിവസവും പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. വെള്ളിയാഴ്ചകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. വനിതാ ജീവനക്കാര്‍ മാത്രം നിയന്ത്രിക്കുന്ന പ്രത്യേക വിനോദ പരിപാടികളും വെളളിയാഴ്ചകളില്‍ ഒരുക്കും. വെള്ളിയാഴ്ചകളില്‍ ‘ലാനൂക്ക്’ ബ്രാന്‍ഡിന്റെ മാന്യമായ വനിതാ സ്വിംവെയര്‍ ഫാഷന്‍ ഷോയും അരങ്ങേറും. ശനിയാഴ്ചകളില്‍ കുടുംബങ്ങള്‍ക്കായി ‘സ്പ്ലാഷ് ഫെസ്റ്റ്’ എന്ന പേരില്‍ പ്രത്യേക വിനോദ പരിപാടികള്‍ സംഘടിപ്പിക്കും.

12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 275 റിയാലാണ് ടിക്കറ്റ് നിരക്ക്. 4 മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 170 റിയാലും നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യവുമാണ്. ഔദ്യോഗിക ആപ്പ് വഴിയോ aquarabiaqiddiyactiy.com വെബ്‌സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു വര്‍ഷം സാധുതയുള്ള വാര്‍ഷിക പാസിന് 1200 റിയാലാണ് നിരക്ക്. 24 ഭക്ഷണശാലകളും ഏഴ് റീട്ടെയില്‍ സ്‌റ്റോറുകളും പാര്‍ക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top