മക്ക: വിശുദ്ധ ഹജിന്റെ സുപ്രധാന കര്‍മം അറഫ സംഗമം നാളെ നടക്കും. 180 രാഷ്ട്രങ്ങളില്‍ നിന്നുളള 25 ലക്ഷം തീര്‍ഥാടകര്‍ അറഫയില്‍ സംഗമിക്കും. മക്കയിലും മദീനയിലുമുളള മുഴുവന്‍ ഇന്ത്യന്‍ തീര്‍ഥാടകരും അറഫാ സംഗമത്തില്‍ പങ്കെടുക്കുന്നതിന് മിനയിലെ തമ്പുകളില്‍ എത്തിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ അറിയിച്ചു. ദൈവ കീര്‍ത്തനങ്ങള്‍ ഉരുവിട്ടു ഇന്നു ജുമുഅ പ്രാര്‍ഥന കഴിഞ്ഞതോടെ തീര്‍ഥാടക ലക്ഷങ്ങള്‍ മിനയിലേക്കുളള ഒഴുക്കു തുടങ്ങി. മിനയിലേക്കുളള മുഴുവന്‍ കവാടങ്ങളിലും തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ നീണ്ട നിര കാണാം. 12 കിലോ മീറ്റര്‍ കാല്‍നടയായി മിനയിലേക്കു യാത്ര ചെയ്യുന്ന നിരവധി തീര്‍ഥാടക സംഘങ്ങളെയും കാണാം.
മക്ക, മിന, അറഫ, മുസ്ദലിഫ തുടങ്ങി പുണ്യ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മശാഇര്‍ ട്രയിന്‍ സൗകര്യവും തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ തീര്‍ഥാടകര്‍ താമസിക്കുന്ന അസീസിയയില്‍ നിന്ന് മിനയിലേക്ക് ബസിലാണ് യാത്ര സൗകര്യം ഏര്‍പ്പെടുത്തിയിട്ടുളളത്. മിനയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ താമസിക്കുന്ന തമ്പുകളില്‍ നിന്ന് അറഫയിലെ നമിറ മസ്ജിദിലേക്ക് 14 കിലോ മീറ്റര്‍ ദൂരമുണ്ട്. മുഴുവന്‍ ഇന്ത്യന്‍ തീര്‍ഥാടകരെയും നാളെ അറഫ സംഗമത്തില്‍ എത്തിക്കുന്നതിന് മുഴുവന്‍ സൗകര്യങ്ങളും പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ അറിയിച്ചു.
നാളെ പ്രഭാത പ്രാര്‍ഥന കഴിയുന്നതോടെ മിനയിലെ തമ്പുകളില്‍ കഴിയുന്ന തീര്‍ഥാടകര്‍ അറഫാ മൈതാനിയിലേക്കു പുറപ്പെടും. പ്രവാചകന്‍ വിടവാങ്ങല്‍ പ്രഭാഷണം നിര്‍വഹിച്ച മരുഭൂമിയിലെ അറാഫ പര്‍വത നിരയില്‍ വിശ്വാസികള്‍ പകല്‍ മുഴുവന്‍ പ്രാര്‍ഥനയില്‍ കഴിയും. അറഫയിലെ നമിറ മസ്ജിദില്‍ നടക്കുന്ന പ്രാര്‍ഥനയില്‍ മക്ക ഗ്രാന്‍ഡ് മസ്ജിദിദ് ഇമാം ഷെയ്ഖ് മഹര്‍ ബിന്‍ ഹമദ് അല്‍ മുഐകിലി നേതൃത്വം നല്‍കും.
അതിനിടെ, ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന തീര്‍ഥാടകരെ ഹജിന്റെ സുപ്രധാന കര്‍മങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് അറഫയിലെ ജബലുറഹ്മ ആശുപത്രിയില്‍ എത്തിച്ചു. ഐസിയുവില്‍ കഴിയുന്നവരെ എയര്‍ ആംബുലന്‍സുകളിലാണ് ആശുപത്രിയിലെത്തിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.