
ജിദ്ദ: ഹജ് നിര്‍വഹിക്കാന്‍ ഇന്ത്യയില്‍ നിന്നു 1.75 ലക്ഷം തീര്‍ഥാടകര്‍ സൗദി അറേബ്യയിലെത്തിയതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം. ആണ്‍തുണയില്ലാതെ ഈ വര്‍ഷം അയ്യായിരത്തിലധികം തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നെത്തിയത്. ഇന്നു വൈകുന്നേരത്തോടെ തീര്‍ഥാടകര്‍ മിന താഴ്‌വരയിലേക്കു നീങ്ങുമെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

കേന്ദ്ര ഹജ് കമ്മറ്റി വഴി 1.4 ലക്ഷം തീര്‍ഥാടകരും ബാക്കിയുളള 35,000 തീര്‍ഥാകര്‍ സ്വകാര്യ ഹജ് ഗ്രൂപ്പുവഴിയുമാണ് സൗദിയിലെത്തിയത്. ഇന്ത്യയിലെ 20 കേന്ദ്രങ്ങളില്‍ നിന്നായി ജിദ്ദ, മദീന എന്നിവിടങ്ങളിലാണ് തീര്‍ഥാടകര്‍ എത്തിയത്. നാളെ വൈകുന്നേരത്തോടെ മുഴുവന്‍ ഇന്ത്യന്‍ തീര്‍ഥാടകരും മിനയിലേക്കു യാത്ര തിരിക്കും. മദീനയില്‍ ചികിത്സയിലുളള ഇന്ത്യന്‍ തീര്‍ഥാടകര്‍ ഉള്‍പ്പെടെയുളളവരെ ഇന്നലെ മുതല്‍ മക്കയിലെ ആശുപത്രികളിലേക്കു മാറ്റി. ഇവരെ ഹജിന്റെ സുപ്രധാന കര്‍മമായ അറഫ ദിനത്തില്‍ പങ്കെടുപ്പിക്കുന്നതിനാണ് മക്കയിലെത്തിച്ചത്.

ഇന്ത്യന്‍ തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുളള ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെട്ട സംഘം സജ്ജമാണ്. ഇന്ത്യയില്‍ നിന്നെത്തിയ വളന്റിയര്‍മാരുടെ സേവനം തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുന്നതിന് പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടുണ്ട്. തീര്‍ഥാടകരുടെ പരാതി സ്വീകരിക്കാനും ആവശ്യമായ സഹായം ലഭ്യമാക്കാനും ഇന്ത്യന്‍ ഹജ് മിഷന്റെ ‘ഹജ് സുവിധ ആപ്’ സഹായിക്കും. തീര്‍ഥാടകരുടെ ക്ഷേമത്തിന് ആവശ്യമായ വിപുലമായ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയതായും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.