
റിയാദ്: ഇടതു സര്‍ക്കാര്‍ ‘കുഞ്ഞി’നെ കൊല്ലാതിരുന്നതില്‍ സന്തോഷമെന്ന് പുതുപ്പളളി എംഎല്‍എ ചാണ്ടി ഉമ്മന്‍. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യുഡിഎഫിന്റെ ദീര്‍ഘവീക്ഷണമാണ്. ഇവിടങ്ങളില്‍ കരിങ്കൊടി കാണിച്ചവരാണ് ഇപ്പോള്‍ മേനി നടിക്കുന്നത്. ക്രെഡിറ്റ് തര്‍ക്കത്തിനില്ല. മുഴുവന്‍ ക്രെഡിറ്റും ഇടതു പക്ഷത്തിനു കൊടുക്കുന്നു. പദ്ധതികള്‍ക്കു ഇടതു നേതാക്കളുടെ പേരും നല്‍കണം. കൊച്ചിനെ കൊന്നില്ലല്ലോ എന്നതില്‍ സന്തോഷം. -ചാണ്ടി ഉമ്മന്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരു നാടിന്റെ വികസനത്തിന് അടിസ്ഥാന ഘടകം റോഡ് സൗകര്യമാണ്. ആന്റണിയുടെ കാലത്ത് എംകെ മുനീര്‍ റോഡ് വികസനത്തിന് പദ്ധതികൊണ്ടുവന്നെങ്കിലും ഇടതുനപക്ഷം എതിര്‍ത്തു. തറക്കല്ലിട്ട രണ്ട് പദ്ധതികളാണ് കോഴിക്കോട്, തിരുവനന്തപുരം മെട്രോ. ഒന്‍പതുവര്‍ഷം കഴിഞ്ഞെങ്കിലും ഒന്നും നടന്നില്ല. 2003ല്‍ മൂന്നു കിലോ മീറ്ററുണ്ടായിരുന്ന ദല്‍ഹി മെട്രാ 10 വര്‍ത്തിനിടെ 423 കിലോമീറ്ററായി വര്‍ധിച്ചു. എന്നാല്‍ കൊച്ചി മെട്രോ ശൃംഖല ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ആലുവ മുതല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വരെ മെട്രോ ദീര്‍ഘിപ്പിക്കാന്‍ ശേഷിയില്ലാത്തവരാണ് അപ്രായോഗികമായ കെ-റെയില്‍ വേണമെന്ന് വാശിപിടിക്കുന്നത്. വികസനമാണ് കേരളം ആഗ്രഹിക്കുന്നത്. എന്നാല്‍ കേരളത്തില്‍ അരങ്ങേറുന്നത് വാചകമടി മാത്രമാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി.

ഉമ്മന്‍ ചാണ്ടി, വിഎസ് അച്യുതാനന്തന്‍ എന്നിവരുടെ വിയോഗത്തെ തുടര്‍ന്ന് വിനായകന്‍ ഫെയ്‌സ് ബുകില്‍ നടത്തിയ ‘ചത്തു’ പ്രയോഗം സ്വാഗതം ചെയ്യുന്നതായി ചോദ്യത്തിനുത്തരമായി ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇതെല്ലാം ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യും. വിനായകന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.

നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം മുസ്‌ലിയാര്‍ ഇടപെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയുന്നതിന് പരിമിതികളുണ്ട്. മാത്രമല്ല മോചന ശ്രമത്തിന് തിരിച്ചടിയാകും. അതുകൊണ്ടുതന്നെ നേരത്തെ വ്യക്തമാക്കിയ കാര്യങ്ങളല്ലാതെ മറ്റൊന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

ഒഐസിസി ഇന്ന് റിയാദ് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം ‘കുഞ്ഞൂഞ്ഞോര്‍മ്മയില്‍’ പങ്കെടുക്കാനാണ് ചാണ്ടി ഉമ്മന്‍ റിയാദിലെത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി നേതാക്കളായ സലിം കളക്കര, ബാലുക്കുട്ടന്‍, നവാസ് വെളളിമാടുകുന്നു, സക്കീര്‍ ദാനത്ത്, ഷിഹാബ് കൊട്ടുകാട് എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





