
റിയാദ്: സൗദിയില്‍ ഈത്തപ്പഴം വിളവെടുപ്പ് ആരംഭിച്ചതോടെ റിയാദ് ദിരിയ്യയില്‍ ഈത്തപ്പഴ മഹോത്സവത്തിന് വേദി ഒരുങ്ങി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ വിവിധയിനം ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനവും കലാ, സാംസ്‌കാരിക, വിനോദ പരിപാടികളും അരങ്ങേറും. സൗദ് രാജവംശത്തിന്റെ ആസ്ഥാനമായ ദിരിയ്യയില്‍ നാഷണല്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സ് സെന്ററാണ് ഈത്തപ്പഴ മേള ഒരുക്കിയിട്ടുളളത്. ദിരിയ്യ ഗവര്‍ണര്‍ പ്രിന്‍സ് ഫഹദ് ബിന്‍ സാദ് ബിന്‍ അബ്ദുല്ല മേള ഉദ്ഘാടനം ചെയ്തു.

വിവിധ ഇനം ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനം, മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ വിപണനം, സാംസ്‌കാരിക പരിപാടികള്‍ എന്നിവയാണ് മേളയെ ആകര്‍ഷകമാക്കുന്നത്. ഉത്പ്പാദനം വര്‍ധിപ്പിക്കുക, ഗുണനിലവാരം ഉയര്‍ത്തുക, കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈത്തപ്പഴ മേള ലക്ഷ്യംവെയ്ക്കുന്നത്. ദേശീയ ഉത്പ്പന്നമായ ഈത്തപ്പഴത്തിന്റെ വിളവെടുപ്പ് കാലം സാംസ്‌കാരിക വിനിമയത്തിനുളള അവസരമാക്കി മാറ്റുന്നതിനു മേളയില്‍ വിവിധ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള വര്‍ക്ക് ഷോപ്പുകള്‍, ഈത്തപ്പഴ ലേലം എന്നിവ മേളയുടെ ഭാഗമാണ്. ഈത്തപ്പന അധിഷ്ഠിത കരകൗശല വസ്തു നിര്‍മ്മാണം പരിശീലിക്കാന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രത്യേക പവിലിയനും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

വില്‍പ്പനക്കാര്‍ക്കുള്ള പവിലിയനുകള്‍, സംസ്‌കരിച്ച ഈത്തപ്പഴ ഉല്‍പ്പന്നങ്ങള്‍, കുടില്‍ വ്യവസായ യൂനിറ്റുകളില്‍ നിന്നുള്ള ഉത്പ്പന്നള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഇടം നേടിയിട്ടുണ്ട്. റെസ്‌റ്റോറന്റുകള്‍, കഫേകള്‍, ഫുഡ് ട്രക്കുകള്‍, എന്നിവയും ഇവിടെയുണ്ട്.
രാജ്യത്ത് ഈത്തപ്പഴ മേഖല അതിവേഗം വളരുകയാണ്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം 2024ലെ ഉല്‍പ്പാദനം 1.9 ദശലക്ഷം ടണ്‍ കവിഞ്ഞു. 133 രാജ്യങ്ങളിലേക്ക് 1.7 ബില്യണ്‍ സൗദി റിയാലിന്റെ ഈത്തപ്പഴം കയറ്റുമതി ചെയ്തത് മികച്ച നേട്ടമായാണ് വിലയിരുത്തുന്നത്.






