Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

പ്രവാസി പെന്‍ഷന്‍ ഔദാര്യമല്ല; സര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

റിയാദ്: പ്രവാസി പെന്‍ഷന്‍ വിതരണം വൈകുന്നതിനെതിരെ പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കേരള ഹൈക്കോടതി സര്‍ക്കാരിനു നോട്ടീസ് അയച്ചു. ജനുവരി 29ന് സമര്‍പ്പിച്ച ഹരജിയില്‍ ഇന്നലെയാണ് കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. നോര്‍ക വകുപ്പ് സെക്രട്ടറി, കേരള നോണ്‍ റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍.

പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റും സുപ്രീം കോതെി അഭിഭാഷകനുമായ ജോസ് അബ്രഹാമാണ് ഹര്‍ജി സമര്‍പ്പിച്ചത്. 2025 ഒക്ടോബര്‍ 14ന് സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

2024 സെപ്റ്റംബര്‍ മുതല്‍ 2026 ജനുവരി വരെ പ്രവാസി പെന്‍ഷന്‍ തുടര്‍ച്ചയായി വൈകിയെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടി. കേരള പ്രവാസി ക്ഷേമ നിയമം 2008, പ്രവാസി ക്ഷേമ പദ്ധതി 2009 എന്നിവ പ്രകാരമാണ് പ്രവാസി പെന്‍ഷന്‍ വിതരണം. ഇതു സര്‍ക്കാരിന്റെ ദാനമോ കരുണയോ അല്ല.

മറിച്ച് പ്രവാസികള്‍ അംശാദായം അടച്ച തുകയ്ക്കുള്ള സാമൂഹിക സുരക്ഷാ ഉറപ്പാക്കുന്ന നടപടിയാണ്. പെന്‍ഷന്‍ അവകാശമാണെന്നും സര്‍ക്കാരിന്റെ ഇഷ്ടാനുസൃതം നിഷേധിക്കാനോ വൈകിപ്പിക്കാനോ കഴിയില്ലെന്നും സുപ്രീം കോടതി വിധികളും ഹര്‍ജിക്കാര്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി എതിര്‍കക്ഷികളോട് സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. സര്‍ക്കാരിനു വേണ്ടി ഗവണ്‍മെന്റ് പ്ലീഡറും വെല്‍ഫെയര്‍ ബോര്‍ഡിന് വേണ്ടി അഡ്വ. ആര്‍.ടി. പ്രദീപും ഹാജരായി. കേസ് ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിച്ചതോടെ പ്രവാസി പെന്‍ഷന്‍ വിതരണം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top