Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍

ചരിത്രം മാത്രമല്ല ഗാന്ധി; പുനര്‍നിര്‍മ്മിക്കപ്പെടുന്ന പ്രതീകം

റിയാദ്: പിയുഷ് ശ്രീവാസ്തവയുടെ ‘ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി’ എന്ന പുസ്തകം അവതരിച്ച് ചില്ല ഡിസംബര്‍ വായനയ്ക്ക് തുടക്കം. ഗാന്ധിയെ ചരിത്ര വ്യക്തിയായി മാത്രമല്ല, കാലാകാലങ്ങളില്‍ രാഷ്ട്രീയമായി പുനര്‍നിര്‍മ്മിക്കപ്പെടുന്ന പ്രതീകമായി വായിക്കുന്ന വിമര്‍ശനാത്മക പഠനമാണെന്ന് പുസ്തകം വിലയിരുത്തി ഷഹീബ അഭിപ്രായപ്പെട്ടു. ഗാന്ധിയന്‍ ചിന്തകള്‍ ഇന്നത്തെ അധികാര രാഷ്ട്രീയം തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നതും, വിമോചന രാഷ്ട്രീയവും പ്രതീക രാഷ്ട്രീയവും തമ്മിലുള്ള സംഘര്‍ഷവുമാണ് ഗ്രന്ഥത്തിന്റെ കേന്ദ്രചിന്തയെന്നു ഷഹീബ പറഞ്ഞു.

ആന്‍ജി തോമസിന്റെ ‘ദ ഹേറ്റ് യു ഗീവ്’ എന്ന നോവല്‍ സ്‌നിഗ്ധ വിപിന്‍ അവതരിപ്പിച്ചു. വംശീയത, പോലീസ് അക്രമം, സാമൂഹിക അനീതികള്‍ എന്നിവയെ ശക്തമായി ചോദ്യം ചെയ്യുന്ന കൃതിയില്‍, വ്യക്തിപരമായ വേദന സാമൂഹിക പ്രതിഷേധമായി മാറുന്ന പ്രക്രിയയാണ് അവതരിപ്പിക്കുന്നതെന്ന് സ്‌നിഗ്ധ പറഞ്ഞു. യുവജന ശബ്ദവും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പശ്ചാത്തലവും നോവലിന് സമകാലിക പ്രസക്തി നല്‍കുന്നുവെന്നും ലോകമെമ്പാടുമുള്ള വിവേചനങ്ങളെയും പ്രതിരോധങ്ങളെയും മനസ്സിലാക്കാന്‍ സഹായിക്കുന്ന ശക്തമായ വായനാനുഭവമാണ് ഈ പുസ്തകമെന്നും സ്‌നിഗ്ധ കൂട്ടിച്ചേര്‍ത്തു.

സഹര്‍ ഖലീഫയുടെ ‘വൈല്‍ഡ് തോണ്‍സ്’ എന്ന നോവല്‍ ഷിംന സീനത്ത് അവതരിപ്പിച്ചു. അധിനിവേശം വെറും ഭൂമി കയ്യേറ്റമല്ല, തൊഴിലും ജീവിതവും നിയന്ത്രിക്കുന്ന സാമ്പത്തിക–രാഷ്ട്രീയ സംവിധാനമാണെന്ന് ഈ കൃതി ഓര്‍മിപ്പിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. അധിനിവേശത്തിന്റെ നിഴലില്‍ ജീവിക്കുന്ന പാലസ്തീനിയന്‍ സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍, തൊഴിലാളികളുടെ ജീവിതം, പ്രതിരോധത്തിന്റെ വഴികള്‍, വ്യക്തിഗത നൈതിക ദ്വന്ദങ്ങള്‍ എന്നിവ നോവലിന്റെ കേന്ദ്രവിഷയങ്ങളാണെന്നും, അധിനിവേശ വ്യവസ്ഥയ്ക്കുള്ളില്‍ ജോലി ചെയ്യേണ്ടിവരുന്നവരും അതിനെതിരെ തുറന്ന പോരാട്ടം നടത്തുന്നവരുമായുള്ള സംഘര്‍ഷം ഖലീഫ ശക്തമായി വരച്ചുകാട്ടുന്നുവെന്നും ഷിംന വ്യക്തമാക്കി.

റഫീഖ് പന്നിയങ്കരയുടെ ‘പ്രിയപ്പെട്ടൊരാള്‍’ നജീം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. സ്വകാര്യ അനുഭവങ്ങളെ സാമൂഹിക ബോധ്യങ്ങളുമായി ചേര്‍ത്ത്, സ്‌നേഹവും നഷ്ടവും രാഷ്ട്രീയ നിസ്സഹായതയും ആഴത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. രോഗികളായി ആശുപത്രിക്കിടക്കകളില്‍ കിടക്കുന്നവരോടൊപ്പം അവരുടെ കൂട്ടിരിപ്പുകാരുടെയും നൊമ്പരവും വിഹ്വലതകളും ലളിതമായ ഭാഷയില്‍ റഫീഖ് വരച്ചു വെച്ചിരിക്കുന്നു. ആഴമുള്ള വികാരതലങ്ങള്‍ തുറക്കുന്ന രചനാശൈലിയാണ് റഫീഖ് പന്നിയങ്കരയുടെ പ്രത്യേകതയെന്നും, അദ്ദേഹത്തിന്റെ രചനകള്‍ ഇനിയും കൂടുതല്‍ വായിക്കപ്പെടുമെന്നും നജീം പ്രത്യാശ പ്രകടിപ്പിച്ചു. സീബ കൂവോട് മോഡറേറ്റ് ചെയ്ത വായനാ ചര്‍ച്ചയില്‍ ഷമീര്‍ കുന്നുമ്മല്‍, റഫീഖ് പന്നിയങ്കര, ഇഖ്ബാല്‍ വടകര, വിപിന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top