
റിയാദ്: കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് പ്രവാസി ഇന്ത്യന്‍ സമൂഹം ഊഷ്മള യാത്രയയപ്പ് നല്‍കി. ഓള്‍ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിയാദില്‍ സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങില്‍ വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന് അംബാസഡര്‍ നല്‍കിയ മികച്ച സേവനങ്ങളെയും കാരുണ്യപ്രവര്‍ത്തനങ്ങളെയും ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രകീര്‍ത്തിച്ചു.

പ്രവാസികളുടെ സന്നദ്ധസേവന മനോഭാവത്തെയും ഇന്ത്യന്‍ സംസ്‌കാരം പ്രവാസി മണ്ണില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയും ചടങ്ങില്‍ ഡോ. സുഹേല്‍ ഖാന്‍ അഭിനന്ദിച്ചു. ഭാരതവും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ പ്രവാസി സമൂഹം വലിയ പങ്കാണ് വഹിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ ബിസിനസ് സമൂഹത്തിന്റെ പങ്ക് നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരും ദിവസങ്ങളിലും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി എംബസിയുടെ ഭാഗത്തുനിന്നു പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും അംബാസഡര്‍ ഉറപ്പുനല്‍കി. ചടങ്ങില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അംബാസഡര്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും ബിസിനസ് പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






