
റിയാദ്: ഇന്ത്യന്‍ ആഭരണങ്ങളുടെ സവിശേഷ സൗന്ദര്യം സൗദിയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ജംസ് ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍. ‘സാജെക്‌സ്-2025’ എന്ന പേരില്‍ സ്വര്‍ണ, രത്‌നാഭരണ വ്യവസായരംഗത്തെ വിദേശനിക്ഷേപകര്‍ക്കും ഉല്‍പ്പാദകര്‍ക്കും ഇന്ത്യന്‍ ആഭരണങ്ങള്‍ പരിചയപ്പെടുത്താനാണ് പ്രദര്‍ശനം. ഇതിന്റെ മുന്നോടിയായി ഇന്ത്യ-സൗദി ജ്വല്ലറി എക്‌സ്‌പോ പ്രഖ്യാപന സമ്മേളനം റിയാദില്‍ നടന്നു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ ജിദ്ദ സൂപ്പര്‍ഡോമില്‍ സെപ്റ്റംബര്‍ 11 മുതല്‍ 13 വരെയാണ് പ്രദര്‍ശനം.

പ്രഖ്യാപന സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. കൗണ്‍സില്‍ ചെയര്‍മാന്‍ കിരിത് ഭന്‍സാലി, നാഷനല്‍ ഇവന്റ്‌സ് കണ്‍വീനര്‍ നിരവ് ഭന്‍സാലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സബ്യസാചി റായ്, റിയാദ് ചേമ്പര്‍ സെക്കന്‍ഡ് വൈസ് ചെയര്‍മാന്‍ അജ്‌ലാന്‍ സഅദ് അല്‍അജ്‌ലാന്‍, ഇന്റര്‍നാഷനല്‍ റിലേഷന്‍സ് (ഏഷ്യന്‍ കണ്‍ട്രീസ്) ഡയറക്ടര്‍ ഫാലെഹ് ജി. അല്‍ മുതൈരി, ഇന്ത്യന്‍ എംബസി ഇകണോമിക്‌സ് ആന്‍ഡ് കോമേഴ്‌സ് കോണ്‍സുലര്‍ മനുസ്മൃതി, ജ്വല്ലറി വ്യവസായികള്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.

ആഗോള ജ്വല്ലറി വ്യവസായികളെ ലക്ഷ്യമിട്ട് ഇന്ത്യസൗദി ഉഭയകക്ഷി വ്യാപാര ബന്ധത്തില്‍ ‘സാജക്‌സ് 2025’ ഒട്ടേറെ പുതിയ അവസരങ്ങള്‍ തുറക്കുമെന്ന് ജി.ജെ.ഇ.പി.സി പ്രതിനിധികള്‍ പറഞ്ഞു. സൗദിയിലെയും ഇന്ത്യയിലെയും സ്വര്‍ണ, രത്‌നാഭരണ വ്യവസായ മേഖലകള്‍ കൈകോര്‍ക്കുന്ന എക്‌സ്‌പോയില്‍ യു.എ.ഇ, തുര്‍ക്കി, ഹോങ്കോങ്, ലെബനന്‍ എന്നീ രാജ്യങ്ങളും പങ്കാളികളാണ്.






