Sauditimesonline

gea1
ഇന്ത്യന്‍ സാംസ്‌കാരിക വാരാഘോഷത്തോടെ റിയാദ് പൂരത്തിന് നാളെ തുടക്കം

‘ബുക്‌സ് ബയിംഗ് ചാലഞ്ച്’ പ്രവാസി കൂട്ടായ്മകളോട് സ്‌നേഹപൂര്‍വം

റിയാദില്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന ഇരുനൂറിലധികം പ്രവാസി കൂട്ടായ്മകളുണ്ടെന്നാണ് അറിയുന്നത്. കേളി, ഒഐസിസി, കെഎംസിസി, നവോദയ, ഇസ്‌ലാഹി സെന്റര്‍, ആര്‍ഐസിസി, ഐസിഎഫ് തുടങ്ങിയ കൂട്ടായ്മകളുടെ ജില്ലാ, ഏരിയാ, മണ്ഡലം, ശാഖാ കമ്മറ്റികളുടെ എണ്ണം നോക്കിയാല്‍ കൂട്ടായ്മകളുടെ എണ്ണം ഇതിലും കൂടും. ഇതിനു പുറമെയാണ് മുഖ്യധാരാ സംഘടനകളുടെ പൊതുവേദി എന്‍ആര്‍കെ ഫോറം, പ്രാദേശിക സംഘടനകളുടെ പൊതുവേദി ഫോര്‍ക്ക എന്നിവ.

ഓരോ സംഘടനയും സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകളാണ് സമര്‍പ്പിക്കുന്നത്. വ്യത്യസ്ഥ ആശയങ്ങള്‍ പുലര്‍ത്തുന്നവരാണെങ്കിലും പ്രവാസ ലോകത്തെ പരസ്പര സഹകരണം പ്രവാസികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. അതുകൊണ്ടാണ് ഇഫ്താറും ഓണവും പുതുവത്സരവുമെല്ലാം ആഘോഷമാകുന്നത്. വലിയ പ്രതിഫലം വാങ്ങുന്ന കലാകാരന്‍മാരെ അണി നിരത്തി വമ്പന്‍ കലാവിരുന്നൊരുക്കാനും പ്രാദേശിക കൂട്ടായ്മകള്‍ക്ക് കഴിയുന്നത് പരസ്പര സഹകരണത്തിന്റെ പ്രതിഫലനമാണ്.

സാക്ഷരതയിലും സാംസ്‌കാരത്തിലും മുന്‍പന്തിയിലാണ് മലയാളികള്‍. എന്നാല്‍ റിയാദില്‍ അരങ്ങേറുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമാണ് അന്താരാഷ്ട്ര പുസ്തകേത്സവം എന്നത് ഏതൊക്കെ സംഘടനകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമല്ല. ചില സംഘടനകള്‍ പുസ്തകോത്സവത്തിന്റെ പ്രചാരണത്തിന് പോസ്റ്റര്‍ ക്യാമ്പയിന്‍ നടത്തിയത് വിസ്മരിക്കുന്നില്ല.

പത്തിലധികം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളാണ് റിയാദ് നഗരത്തിലുളളത്. ഇവിടങ്ങളിലേറെയും മലയാളി വിദ്യാര്‍ഥികളാണ്. പതിനായിരത്തിലധികം മലയാളി കുടുംബങ്ങള്‍ റിയാദ് നഗരത്തിലുണ്ട്. നിര്‍ഭാഗ്യവശാല്‍ മലയാളി കുടുംബങ്ങളും പുസ്തകോത്സവത്തെ ഗൗരവമായി സമീപിച്ചിട്ടില്ല.

റിയാദില്‍ പ്രവാസികളായ ജോസഫ് അതിരുങ്കല്‍, എം ഫൈസല്‍, ബീന, സബീന എം സാലി, നിഖില സമീര്‍, ഖമര്‍ബാനു വലിയകത്ത് തുടങ്ങി നിരവധി അക്ഷര പ്രേമികളുടെ കൃതികള്‍ മേളയില്‍ എത്തിച്ചിട്ടുപോലും അവിടെ സന്ദര്‍ശനം നടത്താന്‍ മലയാളി മനസ്സുകാണിക്കുന്നില്ല. നാലായിരത്തിലധികം തലക്കെട്ടുകളില്‍ മലയാളം പുസ്തകങ്ങള്‍ ലഭ്യമാണ്. വായിക്കുന്നതും വായന പ്രോത്സാഹിപ്പിക്കുന്നതും വായനാനുഭവം പങ്കുവെക്കുന്നതും സമൂഹത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് സഹായിക്കും.

സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് മലയാളം ഉള്‍പ്പെടെയുളള പ്രസാധകര്‍ക്ക് മേളയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയത്. ഇന്ത്യയില്‍ നിന്നുളള 10 പ്രസാധകരില്‍ അഞ്ചും കേരളത്തില്‍ നിന്നുളളവരാണ്. ഭീമമായ സംഖ്യ ചെലവഴിച്ചാണ് പുസ്‌കശേഖരവുമായി പ്രസാധകര്‍ എത്തിയിട്ടുളളത്. പവിലിയന്റെ വാടകയും ഇതര ചെലവുകളും പരിഗണിക്കുമ്പോള്‍ ഒരു പുസ്തകത്തിന് ഈടാക്കുന്ന വില വളരെ കുറവാണ്. ഏറെ ശ്രമകരമായ ദൗത്യം ഏറ്റെടുത്താണ് പ്രസാധകര്‍ റിയാദിലെത്തിയത്. സന്ദര്‍ശകരില്ലാതെ കൊണ്ടുവന്ന പുസ്തകങ്ങള്‍ മടക്കി കൊണ്ടുപോകേണ്ട സാഹചര്യം വന്നാല്‍ വരും വര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്നു പ്രസാധകര്‍ വീണ്ടും ഒരു പരീക്ഷണത്തിന് തയ്യാറാവില്ല. അങ്ങനെ സംഭവിച്ചാല്‍ ഉത്തരവാദികള്‍ റിയാദിലെ പ്രവാസി മലയാളികളാകും.

ഈ സാഹചര്യത്തില്‍, റിയാദിലെ ഓരോ പ്രവാസി കൂട്ടായ്മയും ചുരുങ്ങിയത് 500 റിയാലിന്റെ പുസ്തകങ്ങളെങ്കിലും വാങ്ങുമെന്ന് ‘ബുക്‌സ് ബയിംഗ് ചാലഞ്ച്’ പ്രഖ്യാപിക്കുക. കൂട്ടായ്മയിലെ അംഗങ്ങള്‍ക്കിടയില്‍ പുസ്തകങ്ങള്‍ കൈമാറ്റം ചെയ്യുക. വായനാ സംസ്‌കാരം വളര്‍ത്തിയെടുക്കുക. ആര്‍ട്‌സിനും സ്‌പോര്‍ട്‌സിനും വെല്‍ഫെയറിനും കണ്‍വീനര്‍മാരെ തെരഞ്ഞെടുക്കുന്നതുപോലെ ലൈബ്രറിക്കും കണ്‍വീനറെ കണ്ടെത്തുക. റിയാദിലെ മാധ്യമ കൂട്ടായ്മക്ക് ചെറുതെങ്കിലും ഒരു ലൈബ്രറി ഉണ്ട്. അത് വിപുലീകരിക്കാന്‍ ‘ബുക്‌സ് ബയിംഗ് ചാലഞ്ച്’ ആദ്യം ഏറ്റെടുത്ത് പ്രവാസി കൂട്ടായ്മകള്‍ക്ക് മാതൃക കാട്ടുക.

അഞ്ച് ദിനങ്ങള്‍ മാത്രമാണ് പുസ്തക മേള അവശേഷിക്കുന്നത്. ഒക്‌ടോബര്‍ 8ന് മേള അവസാനിക്കും. വാരാന്ത്യങ്ങളിലേക്ക് മാറ്റിവെക്കാതെ ഇന്നുതന്നെ മേള സന്ദര്‍ശിക്കുക. മലയാളി പ്രസാധകരുടെ പവിലിയന്‍ സന്ദര്‍ശിക്കുക. 10 റിയാലിന്റെ ഒരു പുസ്തകമെങ്കിലും വാങ്ങി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക. അപ്പോള്‍ മാത്രമാണ് വിവിധ സംഘടനയില്‍ നേതാക്കളും ഭാരവാഹികളുമായവര്‍ സാമൂഹിക പ്രവര്‍ത്തകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് അര്‍ഹത നേടുകയുളളൂ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top