റിയാദ്: കിംഗ് ഫഹദ് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ 76-ാമത് സന്തോഷ് ട്രോഫി കിരീടം 3-2ന് കര്‍ണാടക സ്വന്തമാക്കി. വാശിയേറിയ ഫൈനല്‍ മത്സരം തുടങ്ങി ഒന്നര മിനുട്ടിനകം എതിരാളികളായ മേഘാലയയുടെ വലകുലുക്കി കര്‍ണാടക കരുത്തു തെളിയിച്ചു. എട്ടാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി മേഘാലയ ഗോളാക്കിയതോടെ സമനില നേടി. എന്നാല്‍ പതിനെട്ടാം മിനുട്ടില്‍ കര്‍ണാടക ഒരു ഗോള്‍ കൂടി നേടി ആധിപത്യം ഉറപ്പിച്ചു. സ്‌കോര്‍ 2-1.
ആദ്യ പകുതി അവസാനിക്കാന്‍ രണ്ട് മിനുട്ട് അവശേഷിക്കെ കര്‍ണാടകയുടെ ഉശിരന്‍ ഫ്രീ കിക്കില്‍ മൂന്നാം ഗോള്‍ നേടി ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയുടെ 59-ാം മിനുറ്റില്‍ മേഘാലയ രണ്ടാം ഗോള്‍ നേടി. മേഘാലയ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗേകാളാക്കാന്‍ കഴിഞ്ഞില്ല. ഗോളാകുമെന്ന് പ്രതീക്ഷ പല ഷോട്ടുകളും കര്‍ണാടക ഗോളി സമര്‍ത്ഥമായി പ്രതിരോധിച്ചു.
ഗ്രൗണ്ടിന്റെ ഇടതു ഭാഗത്തു നിന്നു ലഭിച്ച പാസ് കര്‍ണാടകാ താരം സുനില്‍ ഗോളിയെ കബളിപ്പിച്ച് വലയിലാക്കിയാണ് ആദ്യ ഗോള്‍ നേടിയത്. കര്‍ണാടകക്ക് വേണ്ടി റോബിന്‍ യാദവ്, ബക്കെ ഒറാമി എന്നിവരാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. മേഘാലയക്കുവേണ്ടി ബ്രോലിംഗ്ടണ്‍ വാര്‍ലര്‍പി, സ്റ്റീന്‍ സ്റ്റീവന്‍സണ്‍ എന്നിവരാണ് ഗോള്‍ നേടിയത്.
65,000യിരത്തിലധികം ഇരിപ്പിടമുളള അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ കാണികളായി എത്തിയവരിലേറെയും മലയാളികളാണ്. രണ്ടായിരത്തിലധികം ഇന്ത്യക്കാര്‍ ഗ്രൗണ്ടിലെത്തിയെങ്കിലും കാണികള്‍ ഒരുവശത്ത് മാത്രം ഒതുങ്ങി. മലയാളി പെണ്‍കുട്ടികള്‍ സ്‌റ്റേഡിയത്തില്‍ തുളളിച്ചാടിയും ആര്‍പ്പുവിളിച്ചും കളിക്കാരെ പ്രോത്സാഹിപ്പിച്ചു. ഒരു കൂട്ടം മലയാളി യുവാക്കള്‍ ചെണ്ടയുമായാണ് സ്‌റ്റേഡിയത്തിലെത്തിയത്.
പ്രൗഢമായ സമ്മാന ദാന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസര്‍ അല്‍ മിഷേല്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗദരി എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.