റിയാദ്: ഗള്‍ഫ് നാടുകളിലെ തൊഴിലവസരം കേരളത്തിലെ ഉദ്യോഗാര്‍ഥികര്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രതിനിധി സംഘം സൗദി അറേബ്യയില്‍ പര്യടനം നടത്തി. കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെഎഎസ്ഇ), ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് (ഒഡിഇപിസി) എന്നിവയുടെ നേതൃത്വത്തില്‍ കെഎഎസ്ഇ-ഒഡിഇപിസി എംപ്ലോയേഴ്‌സ് കണക്റ്റിവിറ്റി മീറ്റ് റിയാദില്‍ സംഘടിപ്പിച്ചു.
ചൂഷണത്തിന് വിധേയമാകാതെ കേരളത്തില്‍ നിന്നുളള സാധാരണക്കാരന് തൊഴില്‍ ലഭ്യമാക്കുന്നതിനാണ് കണക്റ്റിവിറ്റി മീറ്റ് നടത്തുന്നതെന്ന് ഒഡിഇപിസി ചെയര്‍മാന്‍ അഡ്വ. കെ പി അനില്‍ കുമാര്‍ പറഞ്ഞു. മികച്ച അവസരം അന്താരാഷ്ട്ര തൊഴില്‍ വിപണിയില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഗള്‍ഫ് സന്ദര്‍ശനം. ഡച് ഭാഷ പഠിപ്പിച്ചും യൂറോപ്യന്‍ പെരുമാറ്റ രീതി പരിശീലിപ്പിച്ചും നഴ്‌സുമാരെ ബെല്‍ജിയത്തിലേക്ക് സൗജന്യമായി റിക്രൂട് ചെയ്യാന്‍ ഒഡിഇപിസിക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി മാത്രമാണ് ഒഡിഇപിസി റിക്രൂട്‌മെന്റ് കരാറുകള്‍ ഒപ്പുവെച്ചിരുന്നത്. എന്നാല്‍ സ്വകാര്യ മേഖല ഉള്‍പ്പെടെ മുഴുവന്‍ തൊഴില്‍ അവസരങ്ങളും പ്രയോജനപ്പെടുത്തുക എന്നതാണ് കേരള സര്‍ക്കരിന്റെ നയം. അതിന്റെ ഭാഗമാണ് സന്ദര്‍ശനം. ഗള്‍ഫ് നാടുകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അറബി ഭാഷയില്‍ പരിശീലനം നല്‍കുന്നത് പരിഗണിക്കുമെന്നും പ്രതിനിധി സംഘം പറഞ്ഞു.
കേരളത്തിലെ യുവാക്കള്‍ക്ക് രാജ്യത്തിനകത്തും പുറത്തും ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കണക്റ്റിവിറ്റി മീറ്റ് സംഘടിപ്പിച്ചത്.
കെഎഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ കെ ഗോപലകൃഷ്ണന്‍ ഐഎഎസ്, ഒഡിഇപിസി മാനേജിംഗ് ഡയറക്ടര്‍ കെ എ അനൂപ് എന്നിവര്‍ സ്ഥാപനങ്ങളെ പരിചയപ്പെടുത്തി.
റിയാദ് ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ സജീവ് എം ആര്‍, ഇന്‍ഡോ ഗള്‍ഫ് ചേംബര്‍ വൈസ് ചെയര്‍മാന്‍ അഹമ്മദ് കബീര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ മേധാവി സാവിയോ മാത്യു എന്നിവര്‍ പങ്കെടുത്തു. പൗരപ്രമുഖരും വിവിധ കമ്പനി മേധാവികളും സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.