റിയാദ്: അന്താരാഷ്ട്ര പുസ്തകമേളയില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മുജീബ് ജൈഹൂന്‍ രചിച്ച ‘സ്ലോഗന്‍സ് ഓഫ് ദി സേജ്’ എന്ന ഇംഗ്‌ളീഷ് കൃതിയുടെ പരിഭാഷ ‘സയ്യിദിന്റെ സൂക്തങ്ങള്‍’ പ്രകാശനം ചെയ്യും. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഉദ്ധരണികള്‍ കോര്‍ത്തിണക്കിയ കൃതി ഖിളിര്‍ ടിപി ആണ് വിവര്‍ത്തനം ചെയ്തത്. കോഴിക്കോട് ഒലിവ് ബുക്‌സാണ് പ്രസാധകര്‍.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ 2017ല്‍ ആണ് പ്രകാശനം ചെയ്ത ‘സ്ലോഗന്‍സ് ഓഫ് ദി സേജ്’ന്റെ ആദ്യ ഭാഷാന്തരം ഇറ്റാലിയന്‍ ഭാഷയില്‍ നിര്‍വഹിച്ചത് റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഡോ. സബ്രീന ലീയാണ്.
കേരളത്തില്‍ പിറന്ന് ഭാരതത്തില്‍ നിറഞ്ഞ് സബ്രീന ലീയുടെ പരിഭാഷയിലൂടെ ശിഹാബ് തങ്ങള്‍ ലോക പൗരനായി മാറി. തങ്ങളുടെ ദര്‍ശനങ്ങള്‍ യൂറോപ്പിലെ അക്കാദമിക ലോകത്തും ശ്രദ്ധ നേടി. വാക്കുകളിലും സമീപനത്തിലും സമാധാനത്തിന്റെ മഹിത സന്ദേശം ലോകത്തിന് നല്‍കിയ ശിഹാബ് തങ്ങളുടെ വിശ്രുത വചനങ്ങള്‍ക്ക് സമീപ ഭാവിയില്‍ മലായ്, സ്പാനിഷ് ഭാഷയിലും പരിഭാഷ പ്രതീക്ഷിക്കാം. തമിഴ്, കന്നഡ ഭാഷകളിലും തര്‍ജുമകള്‍ പുരോഗമിക്കുന്നുണ്ടെന്ന് മുജീബ് ജൈഹൂന്‍ പറഞ്ഞു.
വിശാലമായ വിജ്ഞാനവും ആത്മീയ ചൈതന്യവും കൊണ്ട് സാമുദായിക മൈത്രിയെ പരിപോഷിപ്പിച്ച ശിഹാബ് തങ്ങളുടെ സന്ദേശങ്ങളെ ലളിത സുന്ദരമായി ലോക സമൂഹത്തിന് അവതരിപ്പിക്കാനാണ് ജൈഹൂനിന്റെ യത്‌നം. യു എ ഇ സഹിഷ്ണുത കാര്യ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക്, ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, അമേരിക്കന്‍ ജൂത പണ്ഡിതന്‍ ലീ വിയസ്മാന്‍ പോലെയുള്ള നിരവധി ലോക രാഷ്ട്ര നായകര്‍ക്കും പണ്ഡിതര്‍ക്കും ജൈഹൂന്‍ ഉപഹാരമായി സമ്മാനിച്ചിട്ടുണ്ട്.
മതസൗഹാര്‍ദം, സഹിഷ്ണുത, ദേശീയോത്ഗ്രഥനം, ഇസ്ലാമിക് അദ്ധ്യാത്മിക ദര്‍ശനം തുടങ്ങി അനേകം പ്രമേയങ്ങളടങ്ങളോടൊപ്പം ഷിയാസ് അഹമ്മദിന്റെ മനോഹരമായ ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്.
ഒമ്പത് ഗ്രന്ഥങ്ങള്‍ രചിച്ച ജൈഹൂനിന്റെ രചനകളിലെ ശ്രദ്ധേയമായ മറ്റൊരു കൃതിയാണ് ഇന്ത്യന്‍ തദ്ദേശീയത പ്രമേയമാക്കിയ ‘ദി കൂള്‍ ബ്രീസ് ഫ്രം ഹിന്ദ്’. ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വവം ചൈതന്യത്തെ മുറിവേല്‍പ്പിക്കുന്ന അപകടങ്ങളാണ് ചരിത്ര നേ0ാവല്‍ ചര്‍ച്ച ചെയ്യുന്നു. അമേരിക്കയിലെ ഹ്യുസ്റ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയും മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ജേതാവ് ജോഖ അല്‍ ഹാരിസിയുടെ വിവര്‍ത്തകനുമായ ഇബ്രാഹിം ബാദ്ഷാ വാഫി ‘ഹിന്ദിന്റെ ഇതിഹാസം’ എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയാണ് മലയാളിയായ മുജീബ് ജൈഹൂന്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.