Sauditimesonline

SaudiTimes

നവകേരള സൃഷ്ടിക്ക് ഇടത് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : കെ കെ ജയചന്ദ്രന്‍

റിയാദ്: നവകേരള സൃഷ്ടിക്കായി ഇടത് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പന്‍ചോല മുന്‍ എം എല്‍ എ യുമായ കെ.കെ.ജയചന്ദ്രന്‍ റിയാദില്‍ പറഞ്ഞു. കേളി കലാസാംസ്‌കാരിക വേദി ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക സര്‍വകലാശാല അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തും. വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റും. ഉന്നത വിദ്യാഭ്യാസ മേഘലയും ആരോഗ്യ മേഘലയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യും. ഇതാണ് ഇടതു സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. കെറെയില്‍ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും. കേന്ദ്രാനുമതി എന്ന കടമ്പ മാത്രാമണ് കെറെയിലിന് തടസ്സം. രാജ്യത്തിന്റെ വികസന കുതിപ്പിന് അധികകാലം ഒരു സര്‍ക്കാരിനും വിലങ്ങു തടിയായി നില്‍ക്കാന്‍ സാധിക്കില്ല. ഇന്നല്ലെങ്കില്‍ നാളെ അനുമതി നല്‍കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ല. കേരളത്തിന്റെ വികസന കുതിപ്പിന് പ്രതിപക്ഷവും സംഘപരിവാര്‍ ശക്തികളും വിഘാതം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും കെ.കെ.ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ സമ്പദ് ഘടനയില്‍ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് പ്രവാസികള്‍. എങ്കിലും അവരുടെ ക്ഷേമത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. എന്നാല്‍ കേരളം അതില്‍ നിന്നു വിഭിന്നമായി ഒരു ബദല്‍ തന്നെ രാജ്യത്തിന് മുന്നില്‍ തുറന്നു കാണിച്ചിട്ടുണ്ട്. മടങ്ങി വന്ന പ്രവാസികള്‍ക്ക് ഒരു കോടി രൂപവരെയുള്ള വായ്പാ സൗകര്യങ്ങള്‍, 3500 മുതല്‍ 5000 രൂപാ വരെയുള്ള പെന്‍ഷന്‍, പ്രവാസികളുടെ മാത്രം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമായി ലോക കേരള സഭ എന്നിവയൊക്കെ ഉദാഹരണങ്ങള്‍ മാത്രം.

കേരളത്തെയാണ് ലഹരി മാഫിയ ലക്ഷ്യം വെക്കുന്നത്. അതിനായി പുതു തലമുറയെ കരുവാക്കാനൊരുങ്ങി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഇത് അനുവദിച്ചുകൂടാ. രാജ്യത്ത് ആകെ വിപണനം ചെയ്യപെടുന്ന ലഹരി മരുന്നുകളുടെ നാമമാത്രമായ ക്രയവിക്രയങ്ങളാണ് കേരളത്തില്‍ കണ്ടത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണെന്നുള്ളതരത്തില്‍ പ്രചണ്ഡമായ പ്രചാരണങ്ങള്‍ ദുഷ്ട്ട ശക്തികള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഇത്തരം പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കപെടണമെന്നും ലഹരി വിരുദ്ധ പ്രതിജ്ഞകള്‍ വീടുകളില്‍ നിന്നും തുടങ്ങണമെന്നും ഈ വിപത്തിന്നെ നിസ്സാരമായി കാണരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കേളി രക്ഷാധികാരി സമിതി ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍ ആമുഖ പ്രഭാഷണം നടത്തി. കേളി ആക്ടിങ് സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം.സാദിഖ് അധ്യക്ഷത വഹിച്ചു.

കേളി രക്ഷാധികാരി സമിതിക്ക് വേണ്ടി സെക്രട്ടറി കെ.പി.എം സാദിക്ക്, കേന്ദ്രകമ്മറ്റിക്ക് വേണ്ടി ആക്റ്റിംഗ് സെക്രട്ടറി സുനില്‍ കുമാര്‍, കുടുംബവേദിക്ക് വേണ്ടി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ അദ്ദേഹത്തെ ബൊക്കെ നല്‍കി സ്വീകരിച്ചു.

ഏരിയ രക്ഷാധികാരി സമിതികള്‍ക്ക് വേണ്ടി ജവാദ് പരിയാട്ട്, രജീഷ് പിണറായി, അനിരുദ്ധന്‍, ജോഷി പെരിഞ്ഞനം, സുബ്രഹ്മണ്യന്‍, സുകേഷ് കുമാര്‍, ഹസ്സന്‍ പുന്നയൂര്‍, മധു ബാലുശ്ശേരി, മനോഹരന്‍ നെല്ലിക്കല്‍, സുരേഷ് പി, ഏരിയ കമ്മറ്റികള്‍ക്ക് വേണ്ടി നൗഫല്‍ പൂവകുറിശ്ശി, രാമകൃഷ്ണന്‍, നിസാറുദ്ധീന്‍, ഹാഷിം കുന്നത്തറ, സൈനുദ്ധീന്‍, ഗോപാല്‍ ജി, സുനീര്‍ ബാബു, റഫീഖ് ചാലിയം, ഗിരീഷ് കുമാര്‍, കിഷോര്‍ ഇ നിസാം, തോമസ് ജോയ്, നൗഫല്‍ സിദ്ധീഖ് എന്നിവര്‍ ഹാരാര്‍പ്പണം നടത്തി. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ ചടങ്ങിന് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top