
റിയാദ്: കോഴിക്കോട് ജില്ലയിലെ ചേവായൂരിലെ ഡെര്‍മറ്റോളജി ആശുപത്രി അന്തേവാസികളുടെ പാചകക്കാരന്‍ കേളിയുടെ സ്‌നേഹ സ്പര്‍ശത്തില്‍ തുടരും. രണ്ടു വര്‍ഷമായി തുടരുന്ന പിന്തുണ മൂന്നാം വര്‍ഷത്തേക്കും കേളി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ള ‘സ്‌നേഹ സ്പര്‍ശം’ കൂട്ടായ്മ ദീര്‍ഘിപ്പിച്ചു. കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനം പ്രഖ്യാപിച്ച പൊതിച്ചോര്‍ വിതരണ പദ്ധതി ‘ഹൃദയപൂര്‍വ്വം കേളി’യില്‍ ഉള്‍പ്പെടുത്തിയാണ് സഹായം.

12ആം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അശരണരെ ചേര്‍ത്ത് പിടിക്കുന്നവര്‍ക്ക് ഒപ്പം ചേര്‍ന്നാണ് ഒരുലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്നത്തിന് പദ്ധതി തയ്യാറാക്കിയത്. പദ്ധതിയില്‍ പ്രഖ്യാപിച്ച എണ്ണം മറികടന്നതായി സെക്രട്ടറി സുരേഷ് കണ്ണപുരം പറഞ്ഞു. ‘സ്‌നേഹ സ്പര്‍ശം’ വാട്‌സ്ആപ് കൂട്ടായ്മയിലൂടെ കേളി അംഗങ്ങളുടെ നേതൃത്വത്തില്‍ പൊതു സമൂഹത്തെി പങ്കാളികളാക്കി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ഡെര്‍മറ്റോളജി ആശുപത്രിയിലെ പാചകക്കാരനുള്ള ഒരു വര്‍ഷത്തെ ശമ്പളം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും നല്‍കും.

ആശുപത്രി അംഗണത്തില്‍ നടന്ന ചടങ്ങില്‍ കേളി ഉമ്മുല്‍ ഹമാം ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയലില്‍ നിന്നു സബ് കളക്ടര്‍ അര്‍ഷീല്‍ ആര്‍ മീണ കേളിയുടെ ധരണാ പത്രം ഏറ്റുവാങ്ങി. കോഴിക്കോട് നോര്‍ത്ത് മണ്ഡലം എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍,അഡീഷണല്‍ ഡിഎംഒ ഡോ. രാജേഷ്, ഡിപിഎം ഡോ. ഷാജി, വാര്‍ഡ് കണ്‍സിലര്‍ അനിത, കേളി കേന്ദ്ര കമ്മറ്റി മുന്‍ അംഗം ഹസ്സന്‍ കോയ എന്നിവര്‍ സന്നിഹിതരായിരുന്നു,

ഡെര്‍മറ്റോളജി ആശുപത്രിയിലെ ഈ വര്‍ഷത്തെ കരാറിന് കുരുന്നുകളുടെ കൈത്താങ്ങ് കൂടിയുണ്ട്. എസ്എസ്എല്‍സി, പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് കേളി നല്‍കിയ വിദ്യാഭ്യാസ പുരസ്‌കാരങ്ങളില്‍ നിന്നു ലഭിച്ച അവാര്‍ഡ് തുക, റിയാദില്‍ നിന്നു അര്‍ഹരായ നവനീത് എം, നിഷാല്‍ പൂവക്കുറിശ്ശി, മേധ മിലേഷ്, അദിവ് വിജി എബ്രഹാം, നജ അമ്രീന്‍, അനു റോസ് ജോമോന്‍, ആദര്‍ശ് സാജു, നേഹ പുഷ്പരാജ്, അഭയ് ദേവ്, ദീപക് ദേവ്, മീര ആവുഞ്ഞിക്കാട്ടുപറമ്പില്‍, ശ്രീലക്ഷ്മി മധുസൂദനന്‍, ഉപാസന മനോജ് എന്നീ കുട്ടികള്‍ സംരഭത്തിലേക്ക് സംഭാവന ചെയ്തു. സഹാനുഭൂതി നഷ്ടപ്പെടുന്ന കാലത്ത്, ചേര്‍ത്തുപിടിക്കലിന്റെ മാതൃകയാണ് കുട്ടുകളുടേതെന്ന് ഫണ്ട് ഏറ്റു വാങ്ങി കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.