
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ റിയാദ് ക്രിമിനല്‍ കോടതിയുടെ അന്തിമ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചു. സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 2025 മെയ് 26ന് 20 വര്‍ഷം തടവു ശിക്ഷ കോടതി വിധിച്ചിരുന്നു. അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരു മാസം സമയം ജൂണ്‍ 25ന് അവസാനിച്ചിരുന്നു. ഇതിനിടെയാണ് പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പീപ്രോസിക്യൂഷന്റെ ആവശ്യം എന്താണെന്ന് കേസ് പരിഗണിക്കുന്ന വേളയില്‍ വ്യക്തമാകും.

അതേസമയം, 20 വര്‍ഷം തടവു ശിക്ഷ വിധിച്ച കേസില്‍ 19 വര്‍ഷം അബ്ദുല്‍ റഹീം ശിക്ഷ പൂര്‍ത്തിയാക്കി. മാത്രമല്ല, ജയിലിലെ നല്ല നടപ്പും മറ്റുക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടാത്തതും പരിഗണിച്ച് ജയില്‍ മോചനം വേഗത്തിലാക്കാന്‍ റിയാദ് ഗവര്‍ണ്ണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമെന്ന് റിയാദ് നിയമ സഹായ സമിതി അറിയിച്ചു.
കോടതി വിധിയില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് അബ്ദുറഹീം ഇന്ത്യന്‍ എംബസിയേയും അഭിഭാഷകരെയും അറിയിച്ചിരുന്നു. പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതു സ്വാഭാവിക നടപടിക്രമം മാത്രമാണെന്നു നിയമ വൃത്തങ്ങങ്ങള്‍ പറയുന്നു.

റഹീം അപ്പീല്‍ നല്‍കിയാല്‍ കേസിന്റെ ദൈര്‍ഘ്യം കൂടുകയും ജയില്‍മോചനം അനന്തമായി നീളുകയും ചെയ്യാന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ അപ്പീല്‍ കൊടുക്കരുതെന്ന് അബ്ദുറഹീം അഭിഭാഷകരെയും നിയമസഹായസമിതിയെയും അറിയിച്ചിരുന്നു. നിയമ നടപടികള്‍ സൂക്ഷ്മമായി വിലയിരുത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും റിയാദ് നിയമ സഹായ സമിതി അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.