Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

ബാച് നമ്പര്‍ ചേര്‍ത്ത കൊവിഡ് സര്‍ട്ടിഫിക്കേറ്റ് ഉടന്‍ ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പരിഷ്‌കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനുള്ള ഇ ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ അപ്‌ഡേഷന്‍ നടത്തിവരികയാണ്. അടുത്ത ദിവസം മുതല്‍ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവര്‍ക്ക് അവകൂടി ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

തീയതിയും ബാച്ച് നമ്പരും ആവശ്യമുള്ള നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ സംസ്ഥാന സര്‍ക്കാരിന്റെ covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് പഴയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം. അതിന് ശേഷം പുതിയതിന് അപേക്ഷിക്കണം. നേരത്തെ ബാച്ച് നമ്പരും തീയതിയുമുള്ള കോവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. കോവിന്‍ പോര്‍ട്ടലില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്‌സിന്‍ എടുത്ത കേന്ദ്രത്തില്‍ നിന്നു ബാച്ച് നമ്പരും തീയതിയും എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരുമുള്ള പുതിയ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഡാറ്റാബേസില്‍ സൂക്ഷിക്കുന്ന സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ നിന്നു എപ്പോഭ വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

ഇപ്പോള്‍, വാക്‌സിന്‍ എടുത്ത് വിദേശത്ത് പോകുന്നവര്‍ക്ക് ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോര്‍ട്ടലില്‍ വരുത്തിയിട്ടുണ്ട്. വാക്‌സിന്‍ നല്‍കി കഴിയുമ്പോള്‍ വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അടങ്ങിയ എസ്എംഎസ് ലഭിക്കും. ഉടന്‍ തന്നെ അവര്‍ക്ക് പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു ദിശയുടെ 1056 അല്ലെങ്കില്‍ 104 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top