റിയാദ്: സംഘ്പരിവാര്‍ സാമ്പത്തിക താല്പര്യങ്ങള്‍ക്കും വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പിലാക്കുന്നതിനും ലക്ഷദ്വീപിനെ ലക്ഷ്യമിടുന്നതായി നവോദ സാംസ്‌കാരിക വേദി ആരോപിച്ചു. ദ്വീപ് നിവാസികളുടെ സമാധാനപൂര്‍ണമായ ജീവിതം തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണം. കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍പോലും കുറ്റകൃത്യങ്ങളില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ള സമൂഹത്തിനെതിരെ ഗുണ്ടാനിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അത് നല്‍കുന്ന സന്ദേശം ഭയപ്പെടുത്തുന്നതാണ്. പകരം സംവിധാനം ഒരുക്കാതെയാണ് റോഡ് വികസനത്തിന്റെയും തീരസംരക്ഷണത്തിന്റെയും പേരില്‍ ആയിരങ്ങളെ കുടിയൊഴിപ്പിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിക്ക് രണ്ടു കുട്ടികളില്‍ കൂടാന്‍ പാടില്ലെന്ന നിബന്ധന ജനാധിപത്യ വിരുദ്ധമാണ്. ഇത്തരം നയങ്ങള്‍ നടപ്പിലാക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുകയും ആര്‍ എസ് എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും വേണം.

ജീവനക്കാരെ പിരിച്ചുവിടുക, നഴ്‌സുമാര്‍ ഉള്‍പ്പെടെയുളളവരുടെ തൊഴില്‍ സമരങ്ങളെ അടിച്ചമര്‍ത്തുക, സി എ എ വിരുദ്ധ സമരങ്ങള്‍ നിരോധിക്കുക, ഗോവധ നിരോധനത്തിന്റെ പേരില്‍ ബീഫ് നിരോധിക്കുക, സ്‌കൂള്‍ കുട്ടികള്‍ക്ക് മത്സ്യമുള്‍പ്പെടെയുള്ള മാംസാഹാരം നിരോധിക്കുക തുടങ്ങിയ ദ്വീപ് നിവാസികളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. കേരളവും ലക്ഷദ്വീപുമായുള്ള ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. അതവസാനിപ്പിച്ച്, കര്‍ണാടകവുമായും അവിടുത്തെ തുറമുഖങ്ങളുമായും മാത്രം ബന്ധം സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം നല്‍കുന്നതൊക്കെ സാമാന്യനീതിയുടെ നിഷേധമാണ്.
സംഘ് പരിവാര്‍ സോഷ്യല്‍ സൈറ്റുകളിലും ചാനല്‍ ചര്‍ച്ചകളിലും ലക്ഷ്യദ്വീപ് കള്ളക്കടത്തിന്റേയും തീവ്രവാദങ്ങളുടെയും കേന്ദ്രമാണെന്ന പച്ചക്കള്ളം നിര്‍ലജ്ജം പ്രചരിപ്പിക്കുകയാണ്. ദ്വീപ് ജനതയുടെ സമാധാന ജീവിതം തകര്‍ക്കാനും കുത്തകകള്‍ക്ക് ദ്വീപിനെ അടിയറവെയ്ക്കാനുമുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും നിലവിലുളള അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്ല പട്ടേലിനെ തിരിച്ചുവിളിക്കണമെന്നും നവോദയ റിയാദ് ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
