
റിയാദ്: കൊവിഡ് മൂലം നാട്ടിലകപ്പെട്ട പ്രവാസികള്‍ക്ക് വാക്‌സിന്‍ സംബന്ധമായ ആശങ്കള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും യാത്രാമധ്യേ ബഹ്‌റൈനില്‍ കുടുങ്ങിയ പ്രവാസികളെ സൗദിയിലെത്തിയക്കണമെന്നും കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, മുഖ്യമന്ത്രി, അംബാസഡര്‍, നോര്‍ക്ക സി ഇ എന്നിവര്‍ക്ക് അടിയന്തര സന്ദേശങ്ങള്‍ അയച്ചു.
സൗദിയില്‍ കോവാക്‌സിന് അംഗീകാരമില്ലാത്ത സാഹചര്യത്തില്‍ നാട്ടില്‍ ഈ വാക്‌സിന്‍ എടുത്ത ഭൂരിഭാഗം പ്രവാസികളുടെയും ആശങ്ക മാറ്റാന്‍ സഊദിയുമായി നയതന്ത്ര തലത്തില്‍ ബന്ധപ്പെട്ട് നടപടികള്‍ നീക്കണം. സൗദി പ്രവാസികള്‍ക്ക് ആസ്ട്രസെനേക വാക്‌സിന്‍ നല്‍കാനും വാക്‌സിനേഷന്‍ മുന്‍ഗണനയില്‍ രാജ്യത്തെ പ്രായഭേദമന്യെ എല്ലാ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.

സൗദിയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റില്‍ സഊദിയില്‍ അംഗീകാരമുള്ള ആസ്ട്രസെനേകയുടെ ശാസ്ത്രീയ നാമം രേഖപ്പെടുത്താത്തത് മൂലം സൗദിയില്‍ എത്തുന്ന പ്രവാസികള്‍ അമിത ചെലവുണ്ടാക്കുന്ന ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വോറന്റൈനിലക്ക് പോകേണ്ട സാഹചര്യം നിലവിലുള്ളതും കത്തില്‍ വ്യക്തമാക്കി. അതോടൊപ്പം ബഹ്‌റൈനില്‍ കുടുങ്ങിയ ആയിരത്തി അഞ്ഞൂറോളം പ്രവാസികളെ സൗദിയിലെത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കാലതാമസം വരുന്നുവെങ്കില്‍ താമസത്തിനും ഭക്ഷണത്തിനും പണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് എംബസി മുഖേന അടിയന്തര സഹായങ്ങള്‍ നല്‍കണം .
കേരളത്തില്‍ പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ മുന്‍ഗണന ലഭിക്കുന്നതില്‍ 44 വയസിന് മുകളിലുള്ളവര്‍ക്ക് അനുമതി ലഭിക്കാത്ത സാഹചര്യമുണ്ടെന്നും ഓണ്‍ലൈന്‍ അപേക്ഷകളില്‍ ആയിരങ്ങള്‍ക്ക് റെജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ ഒരു വര്‍ഷത്തിലധികമായി കോവിഡ് പ്രതിസന്ധി മൂലം നാട്ടിലെത്തി തിരിച്ചു പോരാന്‍ കഴിയാതെ കുടുങ്ങി കഴിയുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കാനും സര്‍ക്കാര്‍ നടപടികള്‍ ആവിഷ്‌കരിക്കണമെന്ന് കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയുടെ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്ററെ അടിയന്തരമായി തിരിച്ചുവിളിക്കണമെന്നും അവിടെ സ്വൈര്യ ജീവിതം പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നാട്ടില്‍ കുടുങ്ങി കഴിയുന്ന പ്രവാസികളുടെ രേഖകള്‍ പുതുക്കി നല്‍കാനുള്ള സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നടപടികളെ യോഗം പ്രശംസിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ എ പി ഇബ്രാഹിം മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട്, ഖാദര്‍ ചെങ്കള, കുഞ്ഞിമോന്‍ കാക്കിയ, അഹമ്മദ് പാളയാട്ട് , അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
